മുംബൈ∙ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം (ഇഡി) നൽകിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി.
ഇതിനിടെ, ലണ്ടനിലെ ബാങ്ക് വായ്പക്കേസിലും മല്യക്കു തിരിച്ചടി. ലണ്ടനിലെ റീജന്റ് പാർക്കിനു സമീപമുള്ള മല്യയുടെ ആഡംബര വസതി ഈടു വച്ച് എടുത്ത 2.04 കോടി പൗണ്ടിന്റെ വായ്പ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് യുബിഎസ് ബാങ്ക് നൽകിയ കേസിൽ ഇടക്കാല കോടതിച്ചെലവായി 88,000 പൗണ്ട് അടയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. വിസ്താരം അടുത്ത മേയിലാണ് നടക്കുക.
ഈ ആഡംബര വസതിയിലാണ് മല്യയുടെ ‘സ്വർണക്കക്കൂസ്’ ഉള്ളത്. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ വസതി ഒഴിപ്പിച്ചുകിട്ടണമെന്ന ആവശ്യവുമായാണ് ബാങ്ക് കോടതിയിലെത്തിയിട്ടുള്ളത്. മല്യ, അമ്മ ലളിത, മകൻ സിദ്ധാർഥ് എന്നിവരാണ് പ്രതികൾ.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയുന്നതിനുള്ള നിയമപ്രകാരം രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയിലാണ് മല്യക്കെതിരായി ഇഡിയുടെ അപേക്ഷ നിലവിലുള്ളത്. മല്യയുടെ വായ്പ തിരികെ കിട്ടാൻ ബാങ്കുകൾ നൽകിയ ഹർജി 26നാണ് പ്രത്യേക കോടതി പരിഗണിക്കുന്നത്.
അതുവരെ നിയമനടപടികൾ ഉണ്ടാവുന്നതു തടയണമെന്ന മല്യയുടെ അപേക്ഷ നേരത്തെ പ്രത്യേക കോടതിയും തള്ളിയിരുന്നു. തുടർന്നാണ് മല്യ ഹൈക്കോടതിയെ സമീപിച്ചത്.