ആഗ്ര, ഉത്തർപ്രദേശ് ∙ അമ്മയുടെ മുന്നിലിട്ടു യുവാവിനെ മർദിച്ചു കൊന്ന സംഭവത്തിൽ സിക്കന്തര പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. 2 എസ്ഐമാരെയും 3 പൊലീസുകാരെയും സസ്പെൻഡ് ചെയ്തു.
തങ്ങളുടെ വീട്ടിൽ നിന്ന് 7 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അയൽവാസികളായ രണ്ടുപേരാണു കഴിഞ്ഞ ബുധനാഴ്ച ഹേമന്ത് കുമാറിനെ (32) പൊലീസിൽ ഏൽപിച്ചത്. പിറ്റേന്നു ഹേമന്തിന്റെ അമ്മ റീനുവിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഉപദ്രവിക്കരുതെന്നു കേണപേക്ഷിച്ചിട്ടും തന്റെ മുന്നിലിട്ടു പൊലീസുകാർ മകനെ ക്രൂരമായി മർദിച്ചുവെന്നു റീനു പറഞ്ഞു. വൈകിട്ട് ആറോടെ റീനുവിനെ പറഞ്ഞയച്ചുവെങ്കിലും മകനെ വിട്ടില്ല. രാത്രി 9ന് മകൻ മരിച്ചതായി പൊലീസ് അറിയിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.