പട്ന∙ രാജ്യത്തെ രണ്ടാമത്തെ വലിയ ബുദ്ധ പ്രതിമ നാളന്ദ ജില്ലയിലെ രാജ്ഗിറിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ അനാവരണം ചെയ്തു. 5 മലകളുടെ നടുക്കായുള്ള ഘോര കടോര തടാകത്തിന്റെ മധ്യത്തിൽ 16 മീറ്റർ വ്യാസാർദ്ധമുള്ള പീഠത്തിൽ 70 അടി ഉയരമുള്ള ചെങ്കൽ പ്രതിമയാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന് 45,000 ക്യുബിക് അടി കല്ല് വേണ്ടിവന്നു.
ഇവിടെ ഉദ്യാനം സ്ഥാപിക്കുമെന്നും പെട്രോൾ, ഡീസൽ വാഹനങ്ങൾ പ്രവേശിപ്പിക്കില്ലെന്നും നിതീഷ്കുമാർ പറഞ്ഞു. എന്നാൽ ഇലക്ട്രോണിക് വാഹനങ്ങൾക്കു പ്രവേശനം നൽകും. ആളുകൾക്ക് കാൽനടയായും സൈക്കിളിലും ടോങ്കയിലും ഇവിടെ എത്താം.
ഇവിടെയുള്ള ഗുരുനാനാക് ശീതൽ കുണ്ടിനു സമീപം ഒരു വർഷത്തിനുള്ളിൽ ഗുരുദ്വാര സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാബോധി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ഭാന്തെ ചാലിന്ദയും ചടങ്ങിൽ പങ്കെടുത്തു.