മേൽക്കോയ്മയ്ക്കു മത്സരം; കർതാർപുർ ഇടനാഴിയിൽ രാഷ്ട്രീയം പുകയുന്നു

പഞ്ചാബിലെ ഗുരുദാസ്പുരിനടുത്ത് ദേര ബാബ നാനാക്കിൽ കർതാർപുർ സിഖ് ഇടനാഴിയുടെ ശിലാസ്ഥാപനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർവഹിച്ചപ്പോൾ. കേന്ദ്രമന്ത്രിമാരായ ഹർസിമ്രത് കൗർ, നിതിൻ ഗഡ്കരി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി തുടങ്ങിയവർ സമീപം. ചിത്രം: പിടിഐ

ന്യൂഡൽഹി∙ കർതാർപുർ സിഖ് ഇടനാഴിയിൽ പുകയുന്നതു രാഷ്ട്രീയം. ഇന്ത്യയും പാക്കിസ്ഥാനും നയതന്ത്ര മേൽക്കോയ്മയ്ക്കു മത്സരിക്കുന്നു; ബിജെപി, കോൺഗ്രസ്, അകാലിദൾ നേതാക്കൾ ആഭ്യന്തര രാഷ്ട്രീയത്തിനു ചൂടു പകരുന്നു. 

ഇടനാഴിയുടെ തറക്കല്ലിൽ ‘ഭേദഗതി’ വരുത്തിക്കൊണ്ടാണു ദേര ബാബ നാനാക്കിൽ കോൺഗ്രസ് നേതാക്കൾ രംഗത്തിറങ്ങിയത്. ബാദൽ കു‌ടുംബാംഗങ്ങളുടെ പേരുകൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകൾക്കൊപ്പം കല്ലിൽ നിറഞ്ഞതിലായിരുന്നു അവരുടെ ‌പ്രതിഷേധം. ‌തറക്കല്ലിടാൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു എ‌ത്തും മുൻപെ അവർ കോൺഗ്രസ് പേരുകൾ കറുത്ത ടേപ്പ് ഒട്ടിച്ചു മറച്ചു. കേന്ദ്ര ഗതാഗത മ‌ന്ത്രാലയമാണു ക്ഷണിതാക്കളെ നിശ്ചയിച്ചതും തറക്കല്ലു തയാറാക്കിയ‌തും. 

നാളെ പാക്ക് ഭാഗത്തു നടക്കുന്ന നിർ‌മാണോദ്ഘാടനത്തിനുള്ള ക്ഷണം സ്വീകരിച്ച മന്ത്രി നവ്ജ്യോത് സിങ് സിദ്ദു തന്റെ നിലപാടിനെ ന്യായീകരിച്ചു. സർക്കാരിന്റെ നായകനായ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ അനുമതിയോടെയാണു പാക്ക് യാത്ര. ഇതു ജനാധിപത്യം, വ്യ‌ത്യസ്ത നില‌പാടുകൾ സ്വാഭാവികം– അദ്ദേ‌ഹം പറഞ്ഞു. 

സിദ്ദുവിന്റേത് അദ്ദേഹത്തിന്റെ ചിന്താഗതിയാണെന്നായിരുന്നു അമരീന്ദറിന്റെ മറുപടി. തൽക്കാലം കാര്യങ്ങൾ കൈവിട്ടു പോകില്ലെങ്കിലും സം‌സ്ഥാന‌ത്തെ കോൺഗ്രസ് രാഷ്ട്രീയത്തിന് ഉശിരേറുമെന്ന സൂചനയാണ് ഇരുവരും നൽകിയത്. 

ഇതേസമയം, സിദ്ദുവിന്റെ നിലപാട് കോൺഗ്രസിന് ഉർവ‌ശീശാപമായി. പാ‌ക്കിസ്ഥാനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരിയും ഹർസിമ്രത് കൗറും പങ്കെടുക്കുന്നുണ്ട്. അമരീന്ദർ ക്ഷണം നിരസിച്ച സാഹചര്യത്തിൽ സി‌ദ്ദു കോൺഗ്രസ് പ്രാതിനിധ്യം ഉറപ്പിക്കുന്നു. ഇമ്രാന്റെ അടുത്ത സുഹൃത്തും ‘ഷോമാനു’മായ സിദ്ദു, ഉദ്ഘാടനച്ചടങ്ങിൽ ശ്രദ്ധ പിടിച്ചുപറ്റാ‌ൻ സാധ്യതയുമേറെ. 

ഇന്ത്യ– പാക്ക് ബന്ധത്തിൽ പുതിയ ചുവട്

ന്യൂഡൽഹി∙ കർതാർപുർ സിഖ് ഇടനാഴിക്ക് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തറക്കല്ലിട്ടു. ഗർത്തങ്ങൾക്കു മീതെ പാലം പണിയാൻ സമ‌യമായിരിക്കുന്നു, ഇത് ഇന്ത്യ –പാക്ക് ബന്ധത്തിലെ പു‌തിയ അധ്യായം – ഉപരാഷ്ട്രപതി പറഞ്ഞു. 

ഇടനാഴി നിർമിക്കാൻ ഇന്ത്യയാണു പാക്കിസ്ഥാന്റെ സഹകരണം ആവ‌ശ്യപ്പെട്ടത്. രണ്ടു പതിറ്റാണ്ടായി ഇക്കാര്യം ആലോചനയിലുണ്ടായിരുന്നു. സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും ഇടനാഴിയായിരിക്കും രൂപപ്പെടുകയെന്നു വെങ്കയ്യ നായിഡു പ്രത്യാശ പ്രകടിപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമ‌രീന്ദർ സി‌ങ്ങും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ  ഗഡ്കരിയും പ‌ങ്കെടുത്തു.

ഇതു പ്രതീക്ഷയുടെയും അനന്തസാധ്യതകളുടെയും ഇടനാഴിയാണ്. രക്തച്ചൊരിച്ചിലിനും യുദ്ധത്തിനും ഗുരു നാനാക് ദേവ് കണ്ടെത്തിയ പരിഹാരം. ഗുരു ആഗ്രഹിക്കുന്നെങ്കിൽ സമാധാനദൗത്യവുമായി പാക്കിസ്ഥാനിലല്ല, ലോകത്തെവിടെയും ഞാൻ പോകും - നവ്ജ്യോത് സിങ് സിദ്ദു, പഞ്ചാബ് മന്ത്രി