ചണ്ഡിഗഡ്∙ കർതാർപുർ ഇടനാഴി ഇന്ത്യയ്ക്കെതിരായ പാക്ക് സൈന്യത്തിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഇന്ത്യയിൽ ഭീകരത പ്രത്സാഹിപ്പിക്കുന്നതിൽ നിന്നു ശ്രദ്ധതിരിക്കാനുള്ള പാക്ക് ചാര വിഭാഗമായ ഐഎസ്ഐയുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണിത്.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപ് പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവദ് ബജ്‍വ ഇടനാഴിയുടെ വിവരം മന്ത്രി നവ്ജോത് സിങ് സിദ്ദുവിനോടു പറഞ്ഞിരുന്നു. തീരുമാനം രാഷ്ട്രീയതലത്തിൽ ഉണ്ടായതല്ലെന്നും പഞ്ചാബിലും ഇന്ത്യയിലെങ്ങും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ ജനശ്രദ്ധ വഴിമാറ്റാൻ ഗുഢതന്ത്രങ്ങളിലൂടെ ശ്രമിക്കുകയാണെന്നും അമരീന്ദർ കുറ്റപ്പെടുത്തി.
വിഭജനത്തോടെ ഒട്ടേറെ പ്രധാന സിഖ് ഗുരുദ്വാരകൾ പാക്കിസ്ഥാനിൽ ആയി. അന്നുമുതലേ കർതാർപുർ ഇടനാഴി നിർദേശം ചർച്ച ചെയ്യപ്പെട്ടു. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയും മൻമോഹൻ സിങ്ങും ഇതിനായി ശ്രമിച്ചിരുന്നു. അതിർത്തിയിൽ നമ്മുടെ സൈനികരെ പാക്ക് സൈന്യം കൊല്ലുന്നതു തുടരുന്നതിനാലാണ് ഇടനാഴിയുടെ ശിലാസ്ഥാപന ചടങ്ങിനു താൻ പാക്കിസ്ഥാനിൽ പോകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇമ്രാനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിദ്ദു പോയതെന്നും അതിൽ തെറ്റൊന്നുമില്ലെന്നും സിദ്ദുവും താനും തമ്മിൽ അഭിപ്രായവ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.