Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദം; കർതാർപുർ ഇടനാഴി വഴി

kartarpur-imran-speech കർതാർപുർ – ഗുരുദാസ്പുർ സിഖ് തീർഥാടക ഇടനാഴിയുടെ പാക്കിസ്ഥാനിലെ ശിലാസ്ഥാപനം നിർവഹിച്ച് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രസംഗിക്കുന്നു

കർതാർപുർ (പാക്കിസ്ഥാൻ) ∙ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള ഒരേയൊരു പ്രശ്നം കശ്മീർ ആണെന്നും ഭാവനയും ദൃഢനിശ്ചയവുമുള്ള നേതൃത്വങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കാവുന്നതേയുള്ളൂവെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്ക് രാഷ്ട്രീയ നേതൃത്വവും സൈന്യവും മറ്റു ഭരണസംവിധാനങ്ങളുമെല്ലാം ഇന്ത്യയുമായി സമാധാനം സ്ഥാപിക്കുന്ന കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും കർതാർപുർ – ഗുരുദാസ്പുർ സിഖ് തീർഥാടക ഇടനാഴിയുടെ പാക്കിസ്ഥാനിലെ ശിലാസ്ഥാപനം നിർവഹിച്ച് ഇമ്രാൻ പറഞ്ഞു.

എന്നാൽ, തീർഥാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ പാക്ക് പ്രധാനമന്ത്രി കശ്മീർ പ്രശ്നം വലിച്ചിഴച്ചതിനെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. ‘പാവനമായ മുഹൂർത്തത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തിയത്. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. ഭീകരർക്കു താവളമൊരുക്കുന്നതടക്കം ഇന്ത്യയ്ക്കെതിരായ എല്ലാ നീക്കങ്ങളും അവസാനിപ്പിക്കാൻ തയാറാവുകയാണ് പാക്കിസ്ഥാൻ വേണ്ടത്’ – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിൽ ഇമ്രാൻ പറഞ്ഞത് ഇങ്ങനെ: ‘ഇന്ത്യയുമായി ശക്തവും സംസ്കാരസമ്പന്നവുമായ ബന്ധമാണ് പാക്കിസ്ഥാൻ ആഗ്രഹിക്കുന്നത്.  നമുക്കിടയിൽ ഒരു പ്രശ്നമേയുള്ളൂ – കശ്മീർ. മനുഷ്യന് ചന്ദ്രനിൽ നടക്കാൻ കഴിയുമെങ്കിൽ ഏതു പ്രശ്നമാണ് പരിഹരിക്കാൻ കഴിയാത്തത്? ദൃഢനിശ്ചയവും വലിയ സ്വപ്നങ്ങളുമുള്ള നേതൃത്വങ്ങളുണ്ടെങ്കിൽ കശ്മീർ പ്രശ്നവും പരിഹരിക്കാം. രണ്ടു രാജ്യങ്ങളുടെയും ഭാഗത്ത് മുൻപ് തെറ്റുകളുണ്ടായിട്ടുണ്ട്. എന്നാൽ ഇനിയും ഭൂതകാലത്തിൽ ജീവിക്കുന്നതിൽ അർഥമില്ല. സൗഹൃദ കാര്യത്തിൽ ഇന്ത്യ ഒരു ചുവടു മുന്നോട്ടുവച്ചാൽ പാക്കിസ്ഥാൻ 2 ചുവടു വയ്ക്കും.’

ഇന്ത്യയിൽനിന്ന് കേന്ദ്രമന്ത്രിമാരായ ഹർസിമ്രത് കൗർ ബാദൽ, ഹർദീപ് സിങ് പുരി, പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദു എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. പാക്ക് പട്ടാള മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും എത്തിയിരുന്നു.

കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ : ബർലിൻ മതിൽ തകർന്നുവെങ്കിൽ, ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള അവിശ്വാസവും പകയും അവസാനിക്കാവുന്നതേയുള്ളൂ.

പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു : നമ്മുടെ രാജ്യങ്ങൾക്കിടയിൽ ആവശ്യത്തിലേറെ സംഘർഷങ്ങളായിക്കഴിഞ്ഞു. കർതാർപുർ ഇടനാഴി സമാധാനം പുനഃസ്ഥാപിക്കാനുള്ള സുവർണാവസരമാണ്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് (ഹൈദരാബാദിൽ) :   കർതാർപുർ ഇടനാഴിയും പാക്കിസ്ഥാനുമായുള്ള ചർച്ചാനീക്കങ്ങളും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. പാക്കിസ്ഥാൻ എന്നു ഭീകരപ്രവർത്തനം അവസാനിപ്പിക്കുന്നുവോ അന്നു ചർച്ചകൾ തുടങ്ങാം.