ശ്രീനഗർ ∙ ജമ്മു കശ്മീരിൽ സുരക്ഷാ സേനയുടെ പെല്ലറ്റ് തോക്കിൽ നിന്നു വലതു കണ്ണിനു വെടിയേറ്റ ഒന്നരവയസ്സുകാരി ഹീബ നിസാറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കുഞ്ഞിന്റെ കാഴ്ചശക്തി പൂർണമായി വീണ്ടെടുക്കാനാകുമെന്ന ഉറപ്പില്ലെന്നു ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ഷോപിയാനിൽ കപ്രാൻ ഗ്രാമത്തിലെ വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണു ഹീബയ്ക്കു വെടിയേറ്റത്.
ഗ്രാമത്തിൽ സൈനിക നടപടിയിൽ 6 ഭീകരർ വധിക്കപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും സേനയും തെരുവിൽ ഏറ്റുമുട്ടി. അവരെ നേരിടാൻ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ, അമ്മയോടും സഹോദരനോടുമൊപ്പം വീടിന്റെ മുകൾ നിലയിലായിരുന്ന ഹീബ ചുമയ്ക്കാൻ തുടങ്ങി. മുറിക്കുള്ളിൽ കാറ്റ് കടക്കുന്നതിന് ജനൽ തുറന്നപ്പോഴാണ് കുഞ്ഞിന്റെ കണ്ണിൽ വെടിയേറ്റത്.
‘കണ്ണീർവാതകത്തിന്റെ പുകയായിരുന്നു വീടിനുള്ളിൽ. ഇതോടെ അവൾ ചുമയ്ക്കാൻ തുടങ്ങി. ജനൽ തുറന്നതും വലിയ പൊട്ടിത്തെറി കേട്ടു. പെല്ലറ്റ് കുഞ്ഞിന്റെ കണ്ണിൽ തറച്ചു’– ഹീബയുടെ മാതാവ് മർസല ജാൻ പറഞ്ഞു. ഇതിനിടെ, കുഞ്ഞിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മനുഷ്യാവകാശപ്രവർത്തകർ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കശ്മീരിൽ പ്രക്ഷോഭകരെ നേരിടാൻ പൊലീസ് പെല്ലറ്റ് തോക്കുകൾ പ്രയോഗിക്കുമ്പോൾ ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ഭാഗികമായോ പൂർണമായോ കാഴ്ച നഷ്ടമായവർ ഏറെയാണ്.