Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര നയങ്ങൾക്കെതിരെ ഡൽഹിയിൽ ഇന്നു പടുകൂറ്റൻ കർഷക റാലി

farmer-rally-delhi ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ–ഓർഡിനേഷൻ കമ്മിറ്റിയുടെ (എഐകെഎസ്‍സിസി) നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന കിസാൻ മുക്തി മാർച്ച് രാംലീല മൈതാനത്തിനു സമീപമെത്തിയപ്പോൾ. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ കർഷക മുന്നേറ്റം.  വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിനു കർഷകരാണു തലസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. 

രാംലീല മൈതാനത്തു നിന്നു പാർലമെന്റിലേക്ക് ഇന്നു പടുകൂറ്റൻ പ്രതിഷേധ റാലി നടക്കും. ഒരു ലക്ഷത്തോളം കർഷകർ പങ്കെടുക്കുമെന്നു സംഘാടകരായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി (എഐകെഎസ്‍സിസി) കൺവീനർ ഹനൻ മൊള്ള വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുത്തേക്കും. ഇടത് ആഭിമുഖ്യമുള്ള കൂട്ടായ്മയാണ് ഏകദേശം 208 സംഘടനകളുള്ള എഐകെഎസ്‍സിസി. 

4 കേന്ദ്രങ്ങളിൽ നിന്നാണു കർഷകർ ഇന്നലെ രാംലീല മൈതാനത്തേക്കു ജാഥയായി നീങ്ങിയത്. വൈകിട്ടു സാംസ്കാരിക പരിപാടിയിൽ പ്രമുഖ ഗായകരും കവികളും പങ്കെടുത്തു. 

വിവിധ സംസ്ഥാനങ്ങളിലെ കർഷക പ്രക്ഷോഭങ്ങളുടെ ചുവടുപിടിച്ചാണു ഡൽഹിയിലും സമരം സംഘടിപ്പിക്കുന്നത്. കർഷക രോഷം രാജ്യമെമ്പാടും ശക്തമായ ജനകീയ മുന്നേറ്റമാവുമെന്ന കണക്കുകൂട്ടലിലാണു എഐകെഎസ്‍സിസി. റാലി കണക്കിലെടുത്ത് ഡൽഹി പൊലീസ് വൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

തലയോട്ടിയുമായി തമിഴ് കർഷകർ

ന്യൂഡൽഹി ∙ കർഷക മാർച്ചിൽ പങ്കെടുക്കാൻ തമിഴ്നാട്ടിലെ കർഷകരെത്തിയത് തലയോട്ടിയുമായി. കടബാധ്യത മൂലം ആത്മഹത്യ ചെയ്ത 2 കർഷകരുടെ തലയോട്ടിയുമായാണു സമരക്കാരെത്തിയത്. ഇന്നു പാർലമെന്റിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞാൽ പൂർണ നഗ്‍നരായി പ്രതിഷേധിക്കുമെന്ന് ഇവർ മുന്നറിയിപ്പു നൽകി. 

നാഷനൽ സൗത്ത് ഇന്ത്യൻ റിവർ ഇന്റർലിങ്കിങ് അഗ്രികൾച്ചറലിസ്റ്റ്സ് എന്ന സംഘടനയുടെ നേതൃത്വത്തിൽ 1,200 കർഷകരാണു തമിഴ്നാട്ടിൽ നിന്നെത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജന്തർമന്തറിൽ നടത്തിയ സമരത്തിൽ ഇവർ പങ്കെടുത്തത് ആത്മഹത്യ ചെയ്ത 8 കർഷകരുടെ തലയോട്ടിയുമായാണ്.