ന്യൂഡൽഹി ∙ ഇറച്ചിക്കോഴികളിൽ കടുപ്പമേറിയ ആന്റിബയോട്ടിക് കുത്തിവയ്ക്കുന്ന രീതി അവസാനിപ്പിക്കാൻ കേന്ദ്ര ഇടപെടൽ. അമിതവളർച്ചയ്ക്കു വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കോളിസ്റ്റിൻ എന്ന ആന്റിബയോട്ടിക്കിന്റെ ഉപയോഗം ഫാമുകളിൽ പൂർണമായും നിരോധിക്കും. ഇതുസംബന്ധിച്ച നിർദേശം ദേശീയ ഡ്രഗ് അഡ്വൈസറി ബോർഡ് സർക്കാരിനു സമർപ്പിച്ചു. മനുഷ്യരിൽ ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിൽ, മരുന്നുകൾ ഫലിക്കാതെ വരുമ്പോൾ മാത്രം ഉയോഗിക്കുന്ന ആന്റിബയോട്ടിക്കാണിത്.
രോഗസാധ്യത കുറയുകയും വളർച്ച കൂടുകയും ചെയ്യുമെന്നതു പരിഗണിച്ചായിരുന്നു ഇറച്ചിക്കോഴികളിലെ ഉപയോഗം. കോഴികളുടെ വളർച്ച കൂട്ടാൻ കോളിസ്റ്റിൻ വ്യാപകമായി ഉപയോഗിക്കുന്നതു സംബന്ധിച്ചു ലണ്ടൻ ആസ്ഥാനമായ ദ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം റിപ്പോർട്ട് ചെയ്തിരുന്നു. ജനപ്രിയ ജങ്ക്‌ഫുഡ് കേന്ദ്രങ്ങളിലടക്കം ഇറച്ചിക്കോഴി എത്തിച്ചു നൽകുന്ന മൊത്തവിതരണക്കാർ വൻതോതിൽ കോളിസ്റ്റിൻ ഉപയോഗിക്കുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ.