Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മല്യയുടെ ‘ഓഫർ’ ലണ്ടൻ കോടതി വിധി വരാനിരിക്കെ; വാഗ്ദാനം സ്വീകരിച്ചാൽ ബാങ്കുകൾക്ക് 3000 കോടി നഷ്ടം

ന്യൂഡൽഹി∙ വായ്പത്തുക മുഴുവനായും തിരിച്ചടയ്ക്കാമെന്ന വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ വാഗ്ദാനം നേരത്തെ തന്നെ ബാങ്കുകൾ തള്ളിയത്. വായ്പയായി ലഭിച്ച അടിസ്ഥാന തുക മുഴുവനും തിരിച്ചടയ്ക്കാമെന്നതാണ് നേരത്തെ മുതൽ വിജയ് മല്യ മുന്നോട്ടുവയ്ക്കുന്ന നിർദേശം. എന്നാൽ, ബാങ്കുകൾക്ക് ഇത് 3000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് കണക്ക്.

എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യമാണ് മല്യയ്ക്കു പല ഘട്ടങ്ങളിലായി പണം നൽകിയത്. ഏതാണ്ട് 5665 കോടി രൂപ. ഇതു പിന്നീട് 6963 കോടിയായി വളർന്നു. ബാങ്കുകൾ സമയപരിധി നിശ്ചയിച്ചു നൽകിയത് 2010 ലായിരുന്നു. 2015ൽ ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 9,091 കോടി രൂപയായി കടം. ഏറ്റവും ഒടുവിലത്തെ നിഗമനങ്ങളിൽ മല്യയുടെ ബാധ്യത 9400 കോടി രൂപ യാണ്.

എന്നാൽ, കടമെടുത്ത തുകയുടെ കാര്യത്തിലാണ് മല്യയുടെ വാഗ്ദാനം. രാജ്യം വിട്ടതിനു പിന്നാലെ കണ്ടുകെട്ടൽ നടപടിയിലൂടെ പിടിച്ചെടുത്തത് 600 കോടി രൂപ, കർണാടക ഹൈക്കോടതിയിൽ കെട്ടിവച്ചത് 1280 കോടി രൂപ. ഇതും പലിശയും കഴിച്ചാൽ വരുന്ന തുക തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം മാത്രമാണ് മല്യയുടേതെന്ന് അറിയുന്നു. അതു തന്നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത മല്യയുടെ അനുബന്ധ കമ്പനികളുടെ പ്രതീക്ഷിത ആസ്തിയായ 13,900 കോടി രൂപയുടെ ബലത്തിൽ.

വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ടു ബാങ്കുകൾ നടപടി തുടങ്ങിയതോടെ 2016 ലാണ് മല്യ രാജ്യംവിട്ടത്.