Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാപമടങ്ങി; പൊലീസിനെ ഭയന്ന് നാടുവിട്ട് ഗ്രാമവാസികൾ

PTI12_3_2018_000175B ഫയൽ ചിത്രം

ലക്‌നൗ ∙ പൊലീസ് സ്റ്റേഷനു തീയിടുകയും പൊലീസ് ഇൻസ്പെക്ടറെ വെടിവച്ചു കൊല്ലുകയും ചെയ്ത ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ മഹവ് ഗ്രാമത്തിൽ ഇന്നലെ സ്ഥിതി ശാന്തം. സംഭവത്തിനുശേഷം ഭൂരിഭാഗം ഗ്രാമവാസികളും വീടുപേക്ഷിച്ചുപോയിട്ടുണ്ട്. പലരും കുട്ടികളെയും അയൽഗ്രാമങ്ങളിലെ സ്ത്രീകളെയും ബന്ധുവീടുകളിലേക്കു മാറ്റി. പൊലീസിനെ ഭയന്നാണിത്. അക്രമസംഭവങ്ങളുടെ പല വിഡിയോകളാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു വിഡിയോയിൽ ചോര വാർന്ന വയറിലെ മുറിവിൽ കൈ ചേർത്ത് ഓടുന്ന ഒരു യുവാവിനെ ചിലർ സഹായിക്കുന്ന ദൃശ്യം കാണാം. വെടിയേറ്റുവെന്നു പറയുന്നതു കേൾക്കാം. ഇത് സുമിത് കുമാറാണോ എന്നു വ്യക്തമല്ല. പൊലീസ് ഇൻസ്പെക്ടർ സുബോധിനു പുറമേ ഗ്രാമവാസിയായ സുമിത്തും അക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. കടുത്ത പൊലീസ് സുരക്ഷയിലാണു സുമിത്തിന്റെ മൃതദേഹം ഇന്നലെ ചിങ്കാരവതിയിലെ വീട്ടിലെത്തിച്ചത്. എന്നാൽ മൃതദേഹം സംസ്കാരിക്കാൻ വീട്ടുകാർ വിസമ്മതിച്ചു സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നതു വരെ അന്ത്യകർമ്മങ്ങൾ നടത്തില്ലെന്നു പിതാവ് അമർജീത്ത് സിങ് പറഞ്ഞു. മാതാപിതാക്കൾക്കു പെൻഷനും കുടുംബത്തിൽ ഒരാൾക്കു ജോലിയും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആൾക്കൂട്ട അക്രമത്തിനു കാരണം പൊലീസ് അനാസ്ഥയെന്നു ബിജെപി ആരോപിച്ചു. പശുക്കളുടെ ജഡാവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തിയ വിവരം തിങ്കളാഴ്ച രാവിലെ പൊലീസിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. പലയിടത്തും പശുഹത്യ നടക്കുന്നതു തടയാനോ നടപടികളെടുക്കാനോ പൊലീസ് ശ്രമിക്കാത്തതാണ് അക്രമസംഭവങ്ങൾ വർധിക്കാൻ കാരണമെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തുന്നു.

അക്രമങ്ങൾക്കു പിന്നിൽ വിഎച്ച്പി, ബജ്റങ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകളാണെന്ന് ആരോപിച്ച് യുപി മന്ത്രി ഓം പ്രകാശ് രാജ്ഭർ രംഗത്തെത്തി. എന്നാൽ അന്വേഷണ റിപ്പോർട്ട് വരാതെ ഹിന്ദുത്വ സംഘടനകളെ പഴി ചാരുന്നത് ശരിയല്ലെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പറഞ്ഞു. യുപി സർക്കാരിൽ ഘടകകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നേതാവാണ് ഓം പ്രകാശ് രാജ്ഭർ.