ലക്‌നൗ ∙ ദാദ്രിയിലെ അഖ്‌ലാഹ് വധക്കേസ് അന്വേഷിച്ചതുകൊണ്ടാണു തന്റെ സഹോദരൻ കൊല്ലപ്പെട്ടതെന്ന് സുബോധ്കുമാർ സിങ്ങിന്റെ സഹോദരി സുനിത സിങ്. സംഭവത്തിൽ പൊലീസിന്റെ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിച്ചു. സുബോധിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണം. ഞങ്ങൾക്കു പണമാവശ്യമില്ല. പശു, പശു എന്ന് പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണു മുഖ്യമന്ത്രി ചെയ്യുന്നതെന്നും സുനിത കുറ്റപ്പെടുത്തി.
2015 ൽ ദാദ്രിയിൽ പശുവിറച്ചി വീട്ടിൽ സൂക്ഷിച്ചുവെന്നാരോപിച്ചു മുഹമ്മദ് അഖ്‌ലഹിനെ സംഘം ചേർന്ന് അടിച്ചുകൊന്ന സംഭവത്തിൽ കേസന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തത് സുബോധ് കുമാറായിരുന്നു. പിന്നീട് ഇദ്ദേഹത്തെ സ്ഥലം മാറ്റി. മതത്തിന്റെ പേരിൽ അക്രമം ഉണ്ടാക്കാത്ത നല്ല പൗരനായിത്തീരാനാണ് പിതാവ് തന്നോട് പറഞ്ഞതെന്ന് മകൻ അഭിഷേക് പറഞ്ഞു.
ഇപ്പോൾ, വർഗീയ സംഘർഷത്തിൽ പിതാവിന്റെ ജീവൻ നഷ്ടമായി. നാളെ വേറെയാർക്കൊക്കെ പിതാവിനെ നഷ്ടമാകും?– കണ്ണീരോടെ അഭിഷേക് ചോദിച്ചു. സുബോധിന്റെ ഭാര്യയ്ക്ക് 40 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മാതാപിതാക്കൾക്കു 10 ലക്ഷം രൂപയും. ഒരു കുടുംബാംഗത്തിനു സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.