ലക്‌നൗ ∙ പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആറിൽ ഗോവധത്തിനു പ്രതി ചേർത്ത 7 പേരിൽ രണ്ടു കുട്ടികളും.
പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങും ഇരുപതുകാരനും കൊല്ലപ്പെട്ട അക്രമസംഭവങ്ങളിൽ മുഖ്യപ്രതിയായ ബജ്റങ്ദൾ ജില്ലാ നേതാവ് യോഗേഷ് രാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് 5–ാം ക്ലാസ് വിദ്യാർഥിയായ 10 വയസ്സുകാരനെയും 6–ാം ക്ലാസ് വിദ്യാർഥിയായ 12 വയസ്സുകാരനെയും എഫ്ഐആറിൽ ഉൾപ്പെടുത്തിയത്.
ആൾക്കൂട്ട അക്രമം ഉണ്ടായ സ്ഥലത്തുനിന്നു 3 കിലോമീറ്റർ അകലെ നയാബൻസ് ഗ്രാമത്തിലാണു ഗോഹത്യ നടന്നതെന്നാണ് ആരോപണം. 5–ാം ക്ലാസ് വിദ്യാർഥിയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് 3 മണിക്കൂർ നിർത്തി. 6–ാം ക്ലാസുകാരന്റെ വീട്ടിൽ പുലർച്ചെ രണ്ടരയോടെ എത്തിയ പൊലീസ് വീട്ടുസാധനങ്ങൾ വാരിവലിച്ചിട്ടു പരിശോധിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു. 10 വർഷമായി ഹരിയാനയിലെ ഫരീദബാദിൽ താമസിക്കുന്ന ഒരാളുടെ പേരും എഫ്ഐആറിലുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷമേ അറസ്റ്റുണ്ടാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
ഇതേസമയം, ആൾക്കൂട്ട അക്രമത്തിനു പിന്നിൽ വൻ ഗൂഢാലോചന നടന്നതായി യുപി പൊലീസ് പറയുന്നു. ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികത്തിനു ദിവസങ്ങൾക്കു മുൻപ്, കഴിഞ്ഞ 3 നാണു പശുക്കളുടെ ജഡാവശിഷ്ടങ്ങൾ കണ്ടത്. ഇതു കേവലം ക്രമസമാധാന പ്രശ്നമല്ലെന്നും വർഗീയ കലാപത്തിനു ഗൂഢാലോചന നടന്നതായുള്ള സംശയം ശക്തമാണെന്നും ഡിജിപി ഒ.പി. സിങ് പറഞ്ഞു.
ഗോഹത്യക്കും അക്രമത്തിനും 2 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്താണ് അന്വേഷണം. സംഭവങ്ങളിൽ ആദ്യമായാണു യുപി പൊലീസ് വിശദീകരണം നൽകുന്നത്.
ഇതിനിടെ, ഒളിവിൽ പോയ അക്രമക്കേസിലെ മുഖ്യപ്രതി ബജ്റങ് ദൾ ജില്ല കൺവീനർ യോഗേഷ് രാജിന്റെ വിഡിയോ സന്ദേശം പുറത്തുവന്നു.
തന്നെ സ്ഥിരം കുറ്റവാളിയായിട്ടാണു പൊലീസ് ചിത്രീകരിക്കുന്നതെന്നും അക്രമം നടക്കുമ്പോൾ താൻ തൊട്ടടുത്ത മറ്റൊരു പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോയതാണെന്നും രാജ് വിഡിയോയിൽ പറഞ്ഞു. യോഗേഷ് രാജിനോടു പൊലീസിൽ കീഴടങ്ങാൻ ബജ്റങ് ദൾ നേതൃത്വം ഇന്നലെ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ് നിരപരാധിയാണെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബിജെപിയെ കുറ്റപ്പെടുത്തി ശിവസേന
മുംബൈ ∙ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ നടന്ന അക്രമസംഭവങ്ങളിൽ ബിജെപിയെ കുറ്റപ്പെടുത്തി സഖ്യകക്ഷിയായ ശിവസേന. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമൂഹത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണോ ബിജെപി നടത്തുന്നതെന്ന് ശിവസേനാ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
ബുലന്ദ്ശഹർ കലാപത്തിനും അതിൽ സബ് ഇൻസ്‌പെക്ടർ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ടതിനും ദാദ്രിയിലെ ആൾക്കൂട്ടക്കൊലയുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കണം. 2014ലെ തിരഞ്ഞെടുപ്പിനു മുൻപുള്ള മുസാഫർനഗർ കലാപം പോലെ ആസൂത്രിതമാണോ ഇത്?. 2019ലെ തിരഞ്ഞെടുപ്പുകൾ എളുപ്പമാകില്ലെന്ന് ബിജെപിക്കു അറിയാമെന്നും മുഖപ്രസംഗം പറയുന്നു.