Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാളിലെ ബിജെപി രഥയാത്ര; കോടതിയും അനുമതി നിഷേധിച്ചു

bjp-flag

കൊൽക്കത്ത∙ ബംഗാളിൽ ഇന്ന് തുടങ്ങാനിരുന്ന ബിജെപി രഥയാത്രയ്ക്ക് കൽക്കട്ട ഹൈക്കോടതി അനുമതി നിഷേധിച്ചു. വർഗീയ സംഘർഷമുണ്ടാകുമെന്ന കാരണത്താൽ സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഹർജിയുമായി പാർട്ടി കോടതിയിലെത്തിയത്. 

പാർട്ടിയുടെ ജില്ലാ പ്രസിഡന്റുമാരുടെ വാദം കേട്ടിട്ട് ഡിസംബർ 21നകം റിപ്പോർട്ട് നൽകാൻ എല്ലാ ജില്ലാ പൊലീസ് സൂപ്രണ്ടുമാരോടും കോടതി നിർദേശിച്ചു. ജനുവരി 9ന് ഇനി വാദം കേൾക്കും.

ജസ്റ്റിസ് തപബ്രത ചക്രബർത്തിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി ബിജെപി ഉടൻതന്നെ സമീപിച്ചെങ്കിലും കേസ് ഇന്നലെത്തന്നെ കേൾക്കാൻ ചീഫ് ജസ്റ്റിസ് ദെബാശിഷ് കർഗുപ്ത അനുവദിച്ചില്ല. ഇന്ന് അപ്പീലിൽ വിധി ഉണ്ടായശേഷം രഥയാത്രയുടെ കാര്യം തീരുമാനിക്കുമെന്ന് പാർട്ടി വ്യക്തമാക്കി.

സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളെയും ബന്ധിപ്പിച്ച് 2 ദിക്കുകളിൽ നിന്നായി 7, 9, 14 തീയതികളിൽ രഥയാത്രകൾ നടത്താനായിരുന്നു ബിജെപിയുടെ പദ്ധതി. 

കൂച്ച്ബിഹാറിൽ നിന്നുള്ള രഥയാത്ര പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നു ഫ്ലാഗ് ഓഫ് ചെയ്യേണ്ടതായിരുന്നു. രഥയാത്രയോടനുബന്ധിച്ചുള്ള സമ്മേളനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.

വർഗീയ സംഘർഷമുണ്ടാകുമെന്ന് സർക്കാരിന് ആശങ്കയുണ്ടെന്നും തുറന്ന കോടതിയിൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നതിനാൽ അവ മുദ്രവച്ച കവറിൽ ഹാജരാക്കാമെന്നും അഡ്വക്കറ്റ് ജനറൽ അറിയിച്ചു. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന് കോടതി ബിജെപി അഭിഭാഷകനോട് ആരാഞ്ഞു. 

സമാധാനപരമായാണ് രഥയാത്ര നടത്തുന്നതെന്നും ക്രമസമാധാനപ്രശ്നമുണ്ടായാൽ അതു സർക്കാരാണ് നോക്കേണ്ടതെന്നും അഭിഭാഷകൻ മറുപടി നൽകി. തുടർന്നാണ്, ഇപ്പോഴത്തെ അവസ്ഥയിൽ രഥയാത്ര അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

ഇതിനിടെ, ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിന്റെ വാഹനം കൂച്ച്ബിഹാറിൽ ഒരു കൂട്ടം ആളുകൾ ആക്രമിച്ചു. തൃണമൂൽ കോൺഗ്രസുകാരാണ് അക്രമത്തിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് പിടിക്കാനുള്ള യാത്രയാണ് ബിജെപി നടത്തുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.