ന്യൂഡൽഹി ∙ തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടിക്കെതിരെ വിവാദ മദ്യവ്യവസായി വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചു. നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി വിശദീകരണം ആരാഞ്ഞ് ഇഡിക്ക് നോട്ടിസ് അയച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതിയിലാണ് മല്യക്കെതിരെയുള്ള കേസ് നടക്കുന്നത്. ഈ നിയമപ്രകാരം ഒരാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാൽ കേസിൽ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടൻ തന്നെ സ്വത്തുക്കൾ കണ്ടുകെട്ടാം. പ്രത്യേക കോടതിയും പിന്നീട് ഹൈക്കോടതിയും അപേക്ഷ തള്ളിയതിനെ തുടർന്നാണ് മല്യ സുപ്രീം കോടതിയിലെത്തിയത്.
ഇന്ത്യയിൽ 9000 കോടിയുടെ വായ്പക്കുടിശിക വരുത്തിയതിനു പിന്നാലെ രാജ്യം വിട്ട മല്യ ഇപ്പോൾ ബ്രിട്ടനിലാണ്. ഇയാളെ ഇന്ത്യയ്ക്ക് വിട്ടുനൽകണമെന്ന അപേക്ഷയിന്മേൽ ലണ്ടനിലെ കോടതി തിങ്കളാഴ്ച വിധി പറയും.