ന്യൂഡൽഹി ∙ മൂന്നു സംസ്ഥാനങ്ങളിൽ ഒരുമിച്ചു തിരിച്ചുകിട്ടിയ ഭരണം കോൺഗ്രസിന് ഇന്നു വൻ ആഘോഷവും പ്രതിപക്ഷ ശക്തിപ്രകടനവുമാകും. രാജസ്ഥാനിൽ രാജ്ഭവനിലോ നിയമസഭാ മന്ദിരത്തിനു പുറത്തോ ആണു സാധാരണ ചടങ്ങ് നടത്തുക. ഇക്കുറി തിരക്കു പരിഗണിച്ചു ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാളിലേക്കു മാറ്റി. വിഐപി അതിഥികൾ തന്നെ 2000. മൊത്തം 11,000 പേർ പങ്കെടുക്കും. രാവിലെ, 10നുള്ള ചടങ്ങിൽ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റും സത്യപ്രതിജ്ഞ ചെയ്യും.
തുടർന്ന്, ഉച്ചയ്ക്കു 1.30ന് ഭോപാലിൽ ജംബോരി മൈതാനത്താണു കമൽനാഥിന്റെ സത്യപ്രതിജ്ഞ. ആദ്യം ലാൽ പരേഡ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ച ചടങ്ങാണ് ഇവിടേക്കു മാറ്റിയത്. 2008ലും 2013ലും ശിവരാജ്സിങ് ചൗഹാൻ ചുമതലയേറ്റതും ഇവിടെയാണ്. വൈകിട്ടു 4.30നാണു ഛത്തീസ്ഗഡിൽ സത്യപ്രതിജ്ഞ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 3 ചടങ്ങിലും പങ്കെടുക്കും.
രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിപക്ഷ നേതാക്കളുടെ സൗകര്യം കൂടി പരിഗണിച്ചാണു മൂന്നിടത്തും സമയം നിശ്ചയിച്ചത്. പ്രതിപക്ഷ ഐക്യശ്രമങ്ങൾക്കു ചുക്കാൻ പിടിക്കുന്ന എൻ.ചന്ദ്രബാബു നായിഡു രാജസ്ഥാനിലും മധ്യപ്രദേശിലും എത്തും. ജൂണിൽ കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നേതാക്കൾ കൈകോർത്ത് അണിനിരന്നതു ചർച്ചയായിരുന്നു. സമാന ശക്തിപ്രകടനത്തിനാണ് ഇന്നും കോൺഗ്രസിന്റെ ശ്രമം.