ജയലളിതയുടെ ചികിൽസച്ചെലവ് 6.86 കോടി

ജയലളിത

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ 75 ദിവസത്തെ ചികിൽസാ ബിൽ 6.86 കോടി രൂപയാണെന്നും ഇതിൽ 44 ലക്ഷം ഇനിയും കിട്ടിയിട്ടില്ലെന്നും അപ്പോളോ ആശുപത്രി. ജയയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷനു നൽകിയ രേഖകളിലാണു വിവരം. ജയയുടെ ഭക്ഷണത്തിനായി 1.17 കോടി ചെലവായെന്നും രേഖയിലുണ്ട്.

ആശുപത്രിയിൽ സഹായിക്കാനെത്തിയ ശശികലയും കുടുംബവും താമസിച്ച മുറിയുടെ വാടക 1.24 കോടിയാണെന്നാണു റിപ്പോർട്ട്. ആറു കോടി രൂപ അണ്ണാ ഡിഎംകെ നൽകിയതായി പറയുന്നുണ്ടെങ്കിലും 42 ലക്ഷം കൈമാറിയത് ആരെന്നു രേഖയിലില്ല. ശേഷിക്കുന്ന പണത്തിന്റെ കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് അണ്ണാ ഡിഎംകെയുടെ പ്രതികരണം. 2016 സെപ്റ്റംബർ 22 മുതൽ ഡിസംബർ അഞ്ചിനു മരണംവരെ ജയ ആശുപത്രിയിലായിരുന്നു.