Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശുവിന്റെ പേരിൽ അക്രമം: വിമർശിച്ച നാസിറുദ്ദീൻ ഷായ്ക്കെതിരെ പ്രതിഷേധം, പാക്കിസ്ഥാനിലേക്ക് ടിക്കറ്റ്

Naseeruddin Shah

മുംബൈ∙ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിലെ ആൾക്കൂട്ട അക്രമം സംബന്ധിച്ചു നടത്തിയ പരാമർശങ്ങളുടെ പേരിൽ വിഖ്യാത നടൻ നാസിറുദ്ദീൻ ഷാക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകൾ. പൊലീസുകാരന്റെ മരണത്തെക്കാൾ പശുവിന്റെ മരണത്തിനു പ്രാധാന്യം കിട്ടുന്ന രാജ്യത്ത്, മതവിശ്വാസികളല്ലാതെ വളർന്ന തന്റെ രണ്ടു മക്കളുടെ സുരക്ഷയെക്കുറിച്ചോർത്ത് ആശങ്കയുണ്ടെന്നാണു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഷാ പറഞ്ഞത്.

ഇതോടെ സമൂഹമാധ്യമങ്ങളിൽ ഷാക്കെതിരെ ആക്രമണം ആരംഭിച്ചു. അജ്മേർ സാഹിത്യോൽസവത്തിൽ ഷാ നടത്താനിരുന്ന മുഖ്യപ്രഭാഷണം റദ്ദാക്കി. ഷായ്ക്ക് പാക്കിസ്ഥാനിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി യുപിയിലെ നവനിർമാൺ സേന പ്രഖ്യാപിച്ചു.

എന്നാൽ രാജ്യത്തെ സ്നേഹിക്കുന്ന, ആശങ്കയുള്ള ഇന്ത്യക്കാരനെന്ന നിലയിലാണ് അഭിപ്രായം പറഞ്ഞതെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും നടൻ വ്യക്തമാക്കി. കാര്യങ്ങൾ ഊതിപ്പെരുപ്പിക്കുകയാണെന്നും ജനാധിപത്യ രാജ്യത്ത് ആരും ആരെയും ഭയപ്പെടേണ്ട കാര്യമില്ലെന്നും കേന്ദ്രമന്ത്രി മുഖ്‌തർ അബ്ബാസ് നഖ്‌വിയും പ്രതികരിച്ചു. ഷാ വിവാദത്തെപ്പറ്റിയുള്ള ചാനൽ ചർച്ചയിൽ പങ്കെടുത്ത തനിക്കു ഭീഷണിസന്ദേശം ലഭിച്ചെന്ന പരാതിയുമായി എൻസിപി നേതാവ് നവാബ് മാലിക്കും രംഗത്തെത്തി.

കഴിഞ്ഞ ദിവസം കർവാനെ മൊഹബത്ത് പുറത്തുവിട്ട വിഡിയോ അഭിമുഖമാണു നസീറുദ്ദിൻ ഷായെ വിവാദത്തിലേക്കു വലിച്ചിട്ടത്. ബുലന്ദ്ശഹറിലേതു പോലെയുള്ള സംഭവങ്ങൾ തന്നെ കുപിതനാക്കുകയാണെന്നും ഷാ അതിൽ അഭിപ്രായപ്പെട്ടിരുന്നു.

എന്റെ മക്കളുടെ സുരക്ഷയിൽ ആശങ്ക

‘എന്റെ മക്കളെക്കുറിച്ചോർത്ത് എനിക്കു ആശങ്ക തോന്നുന്നു. നാളെ അവരെ ആൾക്കൂട്ടം വളഞ്ഞ്, ഹിന്ദുവാണോ മുസ്‌ലിമാണോ എന്നു ചോദിച്ചാൽ അവർക്കു മറുപടി ഉണ്ടാവില്ല. വിഷം പരന്നു കഴി​ഞ്ഞു. ഈ ജിന്നിനെ വീണ്ടും കുപ്പിയിലടയ്ക്കാൻ വലിയ വിഷമമായിരിക്കും. ഒരു പൊലീസുകാരൻ കൊല്ലപ്പെടുന്നതിനേക്കാൾ പ്രാധാന്യം പശു ചാകുന്നതിനു ലഭിക്കുന്ന അവസ്ഥയാണു രാജ്യത്തു പലയിടത്തും. നിയമം കയ്യിലെടുക്കുന്നവരുടെ കൂസലില്ലായ്മ അമ്പരപ്പിക്കുന്നു’. (അഭിമുഖത്തിൽ നാസിറുദ്ദീൻ ഷാ പറഞ്ഞത് )

ഭയം വേണ്ട, ഇന്ത്യ സഹിഷ്ണുതയുടെ രാജ്യം

‘അദ്ദേഹത്തിന്റെ വികാരങ്ങൾ ശരിയാകാം. പക്ഷേ, മക്കളെയോർത്ത് അദ്ദേഹം ഭയപ്പെടേണ്ട ആവശ്യമില്ല. രാജ്യം ഭരണഘടനയുടെ അടിസ്ഥാനത്തിലാണു മുന്നോട്ടുപോകുന്നത്. നമ്മുടേത് സഹിഷ്ണുതയുടെ രാജ്യമാണ്. സഹിഷ്ണുതയും സഹവർത്തിത്വവും രാജ്യത്തിന്റെ ജനിതകത്തിലുള്ളതാണ്. ഒരു സാഹചര്യത്തിലും ആ പൈതൃകം ആർക്കും നശിപ്പിക്കാനാവില്ല’. (ഷായുടെ പരാമർശങ്ങളോട് കേന്ദ്രമന്ത്രി മുഖ്‌തർ അബ്ബാസ് നഖ്‌വിയുടെ പ്രതികരണം)

related stories