ന്യൂഡൽഹി∙ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ, ഹജ് വിമാനയാത്രാ ടിക്കറ്റ്, 32 ഇഞ്ച് വരെ വലുപ്പമുള്ള ടിവി, സിനിമാ ടിക്കറ്റ്, പവർ ബാങ്ക്, മാർബിൾ തുടങ്ങിയവയുടെ വില കുറയും. ഇവയുൾപ്പെടെ 23 ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി കുറയ്ക്കാൻ ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ തീരുമാനമായി. നികുതി കുറയുന്ന ഉൽപന്നങ്ങളിലേറെയും നിലവിൽ 28% നിരക്ക് ഈടാക്കുന്നവയാണ്. ആഡംബര ഉൽപന്നങ്ങളും സിമന്റ്, ഓട്ടോ പാർട്സ് എന്നിവയുമുൾപ്പെടെ 28 ഉൽപന്നങ്ങൾ മാത്രമാണ് ഇനി 28% നികുതിഗണത്തിൽ ഉണ്ടാവുക. പുതിയ നിരക്കുകൾ ജനുവരി 1ന് പ്രാബല്യത്തിൽ വരും.
ഫ്ലാറ്റ് നിർമാണ മേഖലയ്ക്ക് നികുതി കോമ്പൗണ്ടിങ് സൗകര്യം അനുവദിക്കാനുള്ള നീക്കം അംഗീകരിച്ചില്ല. ഈ വിഷയം കൂടുതൽ പഠനത്തിനായി മാറ്റി. പുതിയ നിരക്ക് പ്രാബല്യത്തിലാവുമ്പോൾ വാർഷിക നികുതി വരുമാനത്തിൽ 5500 കോടി രൂപ കുറവു വരുമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. നികുതി വരുമാനത്തിലെ പ്രവണതകളും പ്രശ്നങ്ങളും പഠിക്കാൻ 7 മന്ത്രിമാരുൾപ്പെട്ട സമിതിയെ നിയോഗിച്ചു.