ന്യൂഡൽഹി∙ കോൺഗ്രസുമായുള്ള സഖ്യനീക്കങ്ങൾക്കിടെ, സിഖ്‌വിരുദ്ധ കലാപം സംബന്ധിച്ച് ഡൽഹി നിയമസഭയിൽ പാസാക്കിയ പ്രമേയവും തുടർന്നുള്ള ഉൾപ്പാർട്ടി തർക്കവും ആം ആദ്മി പാർട്ടിയെ വെട്ടിലാക്കി.
കലാപം ന്യായീകരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്ന പുരസ്കാരം പിൻവലിക്കണമെന്ന ആവശ്യം
പ്രമേയത്തിൽനിന്നു വിട്ടുകളഞ്ഞതിൽ പ്രതിഷേധിച്ചു ചാന്ദ്നി ചൗക്ക് എംഎൽഎ അൽക്ക ലാംബ രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് മുൻ നേതാവ് കൂടിയാണു ലാംബ. സഭയിൽനിന്നു ഇറങ്ങിപ്പോക്കു നടത്തിയതിനെത്തുടർന്നു മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‍രിവാൾ രാജി ആവശ്യപ്പെട്ടെന്നും രാജിക്കു തയാറാണെന്നും അൽക്ക ട്വീറ്റ് ചെയ്തതോടെ വിവാദം മൂത്തു.
ലാംബയോടു രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന വിശദീകരണവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തൊട്ടു പിന്നാലെ രംഗത്തെത്തി.സഭയിൽ പാസാക്കിയ പ്രമേയത്തിൽ, രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പുരസ്കാരം മടക്കി വാങ്ങണമെന്ന വാക്യം ഉൾപ്പെട്ടിരുന്നില്ലെന്നു വിശദീകരിച്ചു സ്പീക്കർ റാം നിവാസ് ഗോയലുമെത്തി. പാർട്ടിയിലെ തർക്കം പരിഹരിക്കുന്നതിനൊപ്പം കോൺഗ്രസ് നേതൃത്വത്തെ എങ്ങനെ സമാധാനിപ്പിക്കാമെന്ന ചിന്തയും നേതൃനിരയിൽ സജീവം.
രാജീവ് ഗാന്ധിയുടെ ഭാരത രത്ന പുരസ്കാരം പിൻവലിക്കണമെന്ന ആവശ്യം എഎപി എംഎൽഎ ജർണൈൽ സിങ്ങാണു കഴിഞ്ഞ ദിവസം നിയമസഭയിൽ ഉയർത്തിയത്. സഭയിൽ വച്ച യഥാർഥ പ്രമേയത്തിൽ രാജീവ് ഗാന്ധിയുടെ പേരില്ലായിരുന്നുവെന്നും പിന്നീട് എംഎൽഎ സോമനാഥ് ഭാരതി നൽകിയ കുറിപ്പ് ജർണൈൽ സിങ് വായിക്കുകയായിരുന്നെന്നും എഎപി ഭാരവാഹികൾ വിശദീകരിക്കുന്നു.
താൻ രാജിവയ്ക്കുന്നില്ലെന്നു വിശദീകരിച്ച് അൽക്ക ലാംബയും രംഗത്തെത്തിയിട്ടുണ്ട്. രാജീവ് ഗാന്ധിക്കു പിന്തുണയുമായി പാർട്ടി നിലപാടെടുത്തതിൽ സന്തോഷിക്കുന്നുവെന്നും മുൻ പ്രധാനമന്ത്രി നൽകിയ സംഭാവനകൾ രാജ്യത്തിനു മറക്കാനാവില്ലെന്നും അവർ ട്വീറ്റ് ചെയ്തു. പ്രമേയവുമായി ബന്ധപ്പെട്ടു ട്വീറ്റ് ചെയ്ത കുറിപ്പ് നീക്കുകയും ചെയ്തു.