ചെന്നൈ∙ പീരുമേട് സ്വദേശിനിയായ പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ ഡിഎംകെ മുൻ എംഎൽഎ രാജ്കുമാറിനും 2 സഹായികൾക്കും 10 വർഷം തടവും 42,000 രൂപ പിഴയും. ജനപ്രതിനിധികൾക്കെതിരായ കേസുകൾ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയുടേതാണു വിധി. പെരമ്പാളൂർ എംഎൽഎയായിരിക്കെ രാജ്കുമാറിന്റെ വീട്ടിൽ സഹായത്തിനു നിന്ന പെൺകുട്ടി 2012ലാണു കൊല്ലപ്പെട്ടത്.
സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്താണു ജോലിക്കെത്തിച്ചത്. കുട്ടിയുടെ മാതാപിതാക്കൾ എസ്റ്റേറ്റ് തൊഴിലാളികളാണ്. എംഎൽഎയുടെ വീട്ടിലെത്തി അഞ്ചുദിവസം കഴിഞ്ഞപ്പോൾ പെൺകുട്ടി കരഞ്ഞുകൊണ്ട് അച്ഛനെ ഫോണിൽ വിളിക്കുകയും തിരിച്ചുകൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആശുപത്രിയിലാണെന്ന വിവരമാണു കിട്ടിയത്. ആത്മഹത്യയായി എഴുതിത്തള്ളാനായിരുന്നു പൊലീസ് ശ്രമം. എന്നാൽ, ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇ.എസ്.ബിജിമോൾ എംഎൽഎ ഇടപെടുകയും പോസ്റ്റ്മോർട്ടത്തിൽ പീഡനം കണ്ടെത്തുകയുമായിരുന്നു.