ജയ: ശശികലയ്ക്കും അപ്പോളോയ്ക്കും എതിരെ കമ്മിഷന്റെ അഭിഭാഷകൻ

ചെന്നൈ∙ തമിഴ്നാട് മുൻ  മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ തോഴി വി.കെ.ശശികല, ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ, മുൻ  ചീഫ് സെക്രട്ടറി പി.രാമമോഹന റാവു എന്നിവർക്കും അപ്പോളോ ആശുപത്രിക്കുമെതിരെ ആരോപണവുമായി ജസ്റ്റിസ് ആറുമുഖ സാമി കമ്മിഷന്റെ അഭിഭാഷകൻ. 

ജയയുടെ മരണം അന്വേഷിക്കുന്ന കമ്മിഷനു മുൻപാകെ സ്വന്തം നിലയ്ക്കാണ് അഭിഭാഷകൻ മുഹമ്മദ് ജാഫറുല്ല ഖാൻ പരാതിനൽകിയത്. അപ്പോളോയ്ക്കും ശശികലയ്ക്കും പുറമെ രാധാകൃഷ്ണനെയും രാമമോഹന റാവുവിനെയും അന്വേഷണത്തിൽ കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ടു. 

വിദഗ്ധർ നിർദേശിച്ച ആൻജിയോ ഗ്രാം നടത്താത്തതു ജയയുടെ രോഗം വഷളാക്കിയെന്നും ഇതിനു ശശികലയും അപ്പോളോ ആശുപത്രിയും ഉത്തരവാദികളാണെന്നും പരാതിയിൽ പറയുന്നു.

വിദേശചികിൽസ നൽകിയാൻ ഇന്ത്യൻ ഡോക്ടർമാരുടെ കഴിവിൽ സംശയമുണ്ടാകുമെന്നു പറഞ്ഞ ആരോഗ്യ സെക്രട്ടറി, അപ്പോളോ വക്താവെന്നതു പോലെയാണു പെരുമാറിയത്. 

ചികിൽസയ്ക്കായി അന്നത്തെ സർക്കാരിൽ നിന്ന് 20 സമ്മതപത്രം ഒപ്പിട്ടുവാങ്ങിയെന്നാണു റാവു പറഞ്ഞത്. 

എന്നാൽ, ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഇതു തള്ളി. 

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയത് അന്വേഷിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. കമ്മിഷനിലെ അംഗം തന്നെപരാതി കൊടുത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും ആരോപണങ്ങൾ വ്യാജമാണെന്നും അപ്പോളോ പ്രതികരിച്ചു.