26 ആഴ്ച പ്രസവാവധി: ബിൽ ലോക്സഭയും പാസാക്കി

ന്യൂഡൽഹി ∙ സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്ക് 26 ആഴ്ച പ്രസവാവധി അനുവദിക്കുന്ന ബിൽ ലോക്സഭയും പാസാക്കി. നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു. നിലവിൽ പ്രസവാവധി 12 ആഴ്ചയാണ്.

രാഷ്ട്രപതിയുടെ അംഗീകാരത്തിനു ശേഷം ചട്ടങ്ങൾക്കു രൂപം നൽകുന്നതോടെ നിയമം നിലവിൽ വരും. പത്തോ അതിലേറെയോ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കു നിയമം ബാധകമാകും. ആദ്യ രണ്ടു കുട്ടികളുടെ പ്രസവത്തിനാണ് 26 ആഴ്ച അവധി കിട്ടുക. എന്നാൽ മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനു 12 ആഴ്ചയേ അവധി കിട്ടൂ.

നിയമം പാസായതോടെ ഏറ്റവുമധികം പ്രസവാവധി അനുവദിക്കുന്ന മൂന്നാമത്തെ രാജ്യമായിരിക്കുകയാണ് ഇന്ത്യ. കാനഡ 50 ആഴ്ചയും നോർവെ 44 ആഴ്ചയും അവധി നൽകുന്നുണ്ട്.

വനിതാദിനത്തിന്റെ പിറ്റേന്നു സർക്കാരിന്റെ സമ്മാനമാണിതെന്നു മന്ത്രി ബണ്ഡാരു ദത്താത്രേയ പറഞ്ഞു. പുരുഷന്മാർക്കും അവധി നൽകണമെന്ന ആവശ്യവും ചർച്ചയ്ക്കിടയിൽ ഉയർന്നു.