Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിയറ്റർ ഉടമകളുടെ പുതിയ സംഘടന: യോഗത്തിൽ ലിബർട്ടി ബഷീറിന് എതിരെ രൂക്ഷ വിമർശനം

dileep-producers നിർമാതാക്കളുടെയും വിതരണക്കാരുടെയും പിന്തുണയോടെ തിയറ്റർ ഉടമകൾ പുതിയ സംഘടന രൂപീകരിക്കുന്നതിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ടോമിച്ചൻ മുളകുപാടം, ദിലീപ്, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂർ, സുരേഷ് കുമാർ, സത്യൻ അന്തിക്കാട്, സിയാദ് കോക്കർ എന്നിവർ.

കൊച്ചി ∙ തിയറ്ററുകൾക്കായി പുതിയ സംഘടന പ്രഖ്യാപിക്കാൻ ചേർന്ന യോഗത്തിൽ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറിനെതിരെ ഉയർന്നതു രൂക്ഷ വിമർശനം. ഭസ്മാസുരനു വരം കൊടുത്ത കഥ പോലെ സ്വന്തം സംഘടനയെത്തന്നെ അദ്ദേഹം നശിപ്പിച്ചുവെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജി. സുരേഷ് കുമാറിന്റെ കുറ്റപ്പെടുത്തൽ.

ഇനിമുതൽ എവിടെ സിനിമ റിലീസ് ചെയ്യണമെന്നു നിർമാതാക്കളും വിതരണക്കാരും തീരുമാനിക്കും. ഫെഡറേഷന്റെ വിരട്ടൽ ഇനി നടക്കില്ല. ഇനി സമരം ഉണ്ടാകരുത്. അതിനാണു പുതിയ സംഘടന. സമരത്തിൽ ഉണ്ടായിരുന്ന ഫെഡറേഷൻ അംഗങ്ങളിൽ ക്രിസ്മസ് റിലീസുകൾ പ്രദർശിപ്പിക്കുന്നതിനു നേരത്തേ കരാർ ഒപ്പുവച്ചവർക്കു പുതിയ സിനിമ നൽകും.

എന്നാൽ, തുടർന്നു ചിത്രങ്ങൾ വരുമ്പോൾ സമരക്കാരെ പരിഗണിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരം പിൻവലിച്ചതായി ഫെഡറേഷൻ അറിയിച്ചിട്ടില്ലെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. രഞ്ജിത് പറഞ്ഞു. ഫെഡറേഷനിൽ നിന്നു തെറ്റിപ്പിരിഞ്ഞ 63 തിയറ്റർ ഉടമകൾക്ക് നൂറ്റൻപതോളം തിയറ്ററുകൾ ഉണ്ട്. അവർക്കായിരിക്കും മുൻതൂക്കം.

പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത തിയറ്ററുകളിൽ ഇനി സിനിമ റിലീസിനു നൽകണമോയെന്ന് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തിയറ്റർ വരുമാന വിഹിതത്തിന്റെ 50 ശതമാനം തന്നില്ലെങ്കിൽ സിനിമകൾ പ്രദർശിപ്പിക്കില്ലെന്നു കാട്ടി ഫെ‍ഡറേഷൻ നൽകിയ കത്തു പിൻവലിക്കാതെ സമരം തീർന്നതായി കണക്കാക്കില്ലെന്നു ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തിൽ പിന്തുണച്ചവരെ ഒരിക്കലും കൈവിടില്ല. പുലിമുരുകനും കട്ടപ്പനയിലെ ഋതിക് റോഷനും പ്രദർശിപ്പിച്ച വകയിൽ കോടികളുടെ കുടിശികയാണു ചില തിയറ്റർ ഉടമകൾ തരാനുള്ളത്. ഈ പണം ഉടൻ തന്നില്ലെങ്കിൽ അവർക്കു ഭാവിയിൽ ചിത്രങ്ങൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാണു ‘പൂച്ച’യ്ക്കു മണി കെട്ടുകയെന്നു കുറെക്കാലമായി ആലോചിക്കുകയായിരുന്നുവെന്നു സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. ഉറച്ച നിലപാടു സ്വീകരിച്ച മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുപ്പതു വർഷമായി സിനിമയിലുള്ള താൻ ആദ്യമായി നിർമിച്ച സിനിമ ഒരു മാസമായി പെട്ടിയിലിരിക്കുന്ന സ്ഥിതി ദുഃഖകരമാണെന്നു സംവിധായകൻ സിദ്ദിഖ് പറഞ്ഞു.

ഫിലിം റഗുലേറ്ററി അതോറിറ്റി വരുന്നതു ബ്യൂറോക്രാറ്റുകളുടെ ഭരണത്തിനു വഴിതെളിക്കുമെന്ന യാഥാർഥ്യം സംഘടനകൾ തിരിച്ചറിയണമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.