ചെന്നൈ ∙ ജിഎസ്ടിക്കു പുറമേ തദ്ദേശ സ്ഥാപന നികുതിയും ചുമത്തുന്നതിനെതിരെ തമിഴ്നാട്ടിൽ നാലു ദിവസമായി നടന്നുവന്ന തിയറ്റർ സമരം പിൻവലിച്ചു. പ്രശ്നം പരിഹരിക്കാൻ സർക്കാർ - സിനിമാ പ്രതിനിധികളടങ്ങിയ സമിതിയെ നിയോഗിക്കാമെന്നു ധാരണയായി. അതുവരെ നിലവിലെ നിരക്കിനു പുറമേ ജിഎസ്ടി കൂടി ചേർത്താണു ടിക്കറ്റ് വിൽക്കുക. 120 രൂപയുള്ള ടിക്കറ്റിന് ഇനി 153 രൂപ നൽകേണ്ടിവരും.
ജിഎസ്ടി നടപ്പാക്കിയ സാഹചര്യത്തിൽ തദ്ദേശ നികുതി ഒഴിവാക്കാൻ നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ, സിനിമാ വിനോദ നികുതി തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാനമാർഗമാണെന്നും ഇത് ഒഴിവാക്കിയാൽ സർക്കാരിനു വൻ സാമ്പത്തികബാധ്യത ഉണ്ടാകുമെന്നുമാണു സർക്കാർ നിലപാട്.