ചെന്നൈ∙ തൂത്തുക്കുടിയിൽ ചെമ്പു ശുദ്ധീകരണശാലയ്ക്കെതിരായ സമരത്തിനിടെ കൊല്ലപ്പെട്ടവരിൽ 12 പ്രക്ഷോഭകർ മരിച്ചതു തലയ്ക്കും നെഞ്ചിനും വെടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിൽ പകുതിയോളം പേര്‍ക്കു നേരെ പിറകില്‍ നിന്നാണു വെടിയേറ്റതെന്നും വ്യക്തമായി. കഴിഞ്ഞ മേയിൽ നടന്ന പൊലീസ് വെടിവയ്പില്‍ ആകെ 13 പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്.
തലയുടെ വശങ്ങളിൽ വെടിയുണ്ടകൾ തുളച്ചുകയറിയാണു രണ്ടു പേർ മരിച്ചത്. സർക്കാർ ആശുപത്രികളിലെ ഫൊറന്‍സിക് വിദഗ്ധരുടെ റിപ്പോർട്ടിലെ വിവരങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയാണു പുറത്തുവിട്ടത്. 17 വയസ്സുകാരിയായ ജെ. സ്നോലിൻ എന്ന പെൺകുട്ടിക്കാണ് മരിച്ചവരിൽ ഏറ്റവും പ്രായം കുറവ്. തലയ്ക്കു പിറകിലൂടെ തുളച്ചുകയറിയ വെടിയുണ്ട പെൺകുട്ടിയുടെ വായിലൂടെയാണു പുറത്തെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു സ്നോലിന്റെ കുടുംബം പ്രതികരിച്ചു.
യുഎൻ അടക്കം അപലപിച്ച സംഭവത്തിൽ ഇതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ തൂത്തുക്കുടി ജില്ലാ ഭരണകൂടമോ സംസ്ഥാന പൊലീസ് മേധാവികളോ തയാറായിട്ടില്ല. തമിഴ്നാട്ടിലെ തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ മലിനീകരണമുണ്ടാക്കുന്ന ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് നിറയൊഴിച്ചത്.
സമരത്തിന്റെ നൂറാം ദിവസം ഇരുപതിനായിരത്തോളം പേര്‍ നടത്തിയ കലക്ടറേറ്റ് മാർച്ച് അക്രമാസക്തമാകുകയായിരുന്നു. കലക്ടറുടെ ഓഫിസിലേക്കു ഇരച്ചു കയറിയ പ്രതിഷേധക്കാർ തീവയ്ക്കാൻ ശ്രമിച്ചു. തുടർന്നാണ് പൊലീസ് വെടിവച്ചത്. ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ചെമ്പുശുദ്ധീകരണശാല.
തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വിവിധ പ്ലാന്റുകളിൽനിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗങ്ങൾക്കും കാൻസർ ഉള്‍പ്പെടെയുള്ള രോഗങ്ങൾക്കും കാരണമാകുന്നെന്നാണു പ്രദേശവാസികളുടെ പരാതി.