Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോർച്ച: നിയമസഭാ ചട്ടമില്ല; പാർലമെന്റ് കീഴ്​വഴക്കങ്ങൾ ശ്രദ്ധേയം

PTI1_30_2017_000100B

ന്യൂഡൽഹി ∙ സംസ്‌ഥാന ബജറ്റിലെ വിവരങ്ങൾ ബജറ്റ് അവതരണത്തിനിടെ ചോർന്നതിനെതിരെ സംസ്‌ഥാന സർക്കാർ നിയമനടപടിക്കു തയാറാകുമോയെന്ന ചോദ്യമാണു നിയമവൃത്തങ്ങളിൽ സജീവമാകുന്നത്. ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട, കേരള ഹൈക്കോടതി 1960ലും പഞ്ചാബ് – ഹരിയാന ഹൈക്കോടതി 1963ലും പരിഗണിച്ച കേസുകളിൽ സർക്കാരിന്റേതായിരുന്നു പരാതി. ചോർത്തിയവരാണു ശിക്ഷിക്കപ്പെട്ടത്.

ബജറ്റ് ഔദ്യോഗിക രഹസ്യത്തിന്റെ ഗണത്തിൽപെടുമെന്ന് 1960ൽ കേരള ഹൈക്കോടതി വ്യക്‌തമാക്കി. സർക്കാരിൽനിന്ന് ഔദ്യോഗികമായി ലഭിച്ചതോ അല്ലാത്തതോ ആയ രഹസ്യരേഖ പുറത്തുവിടുന്നതും കൈവശം വയ്‌ക്കുന്നതും സൂക്ഷിക്കാതിരിക്കുന്നതും കുറ്റകരമാക്കുന്നതാണ് ഔദ്യോഗിക രഹസ്യ നിയമത്തിലെ 5–ാം വകുപ്പ്.

കേരളത്തിലെ ഇപ്പോഴത്തെ വിവാദം പരിശോധിക്കുമ്പോൾ, ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചു തീരുംമുൻപ് ഔദ്യോഗിക രഹസ്യം പുറത്തുവിട്ടവരൊക്കെയും നിയമലംഘനം നടത്തിയെന്നു വിലയിരുത്തേണ്ടിവരുമെന്നു ചില നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബജറ്റ് രഹസ്യരേഖയാണെന്നതു പാലിച്ചുപോരുന്ന കീഴ്‌വഴക്കങ്ങളുടെ അടിസ്‌ഥാനത്തിലുള്ള വ്യാഖ്യാനമാണ്.

പാർലമെന്റിന്റെയോ കേരള നിയമസഭയുടെയോ ചട്ടപ്പുസ്തകങ്ങളിൽ ബജറ്റിന്റെ രഹസ്യസ്വഭാവത്തെക്കുറിച്ചു പറയുന്നില്ല. എന്നാൽ, പാർലമെന്റിലെ കീഴ്‌വഴക്കങ്ങളും ചട്ടങ്ങളുടെ വ്യാഖ്യാനങ്ങളും സംബന്ധിച്ച ‘പ്രാക്‌ടീസ് ആൻഡ് പ്രൊസീജർ ഓഫ് പാർലമെന്റ്’ (കൗൾ ആൻഡ് ശക്‌ധർ) ആധികാരിക ഗ്രന്ഥത്തിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധേയമാണ്.

ലോക്‌സഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിൽ പറയുന്നത്:

∙ പൊതുബജറ്റിനെ രഹസ്യരേഖയായി സൂക്ഷിക്കുന്നു. കാരണം, അതിലെ പാർട്ട്–ബിയിൽ നികുതി നിർദേശങ്ങളാണുള്ളത്.

∙ ധനമന്ത്രി പാർട്ട്–ബി വായിച്ചുതുടങ്ങുമ്പോൾ മാത്രമാണു ബജറ്റ് കോപ്പികൾ ധനമന്ത്രാലയത്തിൽനിന്നു സഭാ സെക്രട്ടേറിയറ്റിനു ലഭ്യമാക്കുന്നത്.

∙ ലോക്‌സഭയിൽ അവതരിപ്പിക്കുംമുൻപു ബജറ്റ് നിർദേശങ്ങൾ ചോരുന്നതു സഭയുടെ അവകാശലംഘനമല്ല. എന്നാൽ, ചോർച്ചയുമായി ബന്ധപ്പെട്ടു മന്ത്രിയുടെ നടപടികളെക്കുറിച്ച് അന്വേഷിക്കാൻ പാർലമെന്റിന് അധികാരമുണ്ട്.

∙ 1956 മാർച്ച് മൂന്നിനു ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ടു രണ്ട് അംഗങ്ങൾ ലോക്‌സഭയിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി. ഒരംഗം അവകാശലംഘനവും ഉന്നയിച്ചു. ബ്രിട്ടനിലെ പൊതുസഭയിൽ ബജറ്റ് ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അവകാശലംഘന സമിതിക്കു വിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ലോക്‌സഭാ സ്‌പീക്കർ, വിഷയം അവകാശലംഘന സമിതിക്കു വിടാൻ തയാറായില്ല.

∙ സഭാംഗങ്ങൾക്കു നൽകേണ്ട രേഖകൾ ആദ്യം മാധ്യമങ്ങൾക്കോ അംഗങ്ങളല്ലാത്തവർക്കോ നൽകുന്നതും അവകാശലംഘനമാവില്ല. ബാങ്ക് അവാർഡ് കമ്മിഷൻ റിപ്പോർട്ട് സഭയിൽ വയ്‌ക്കുന്നതിനു മുൻപു മാധ്യമങ്ങളിൽ വന്നത് 1955ൽ ലോക്‌സഭയിൽ അവകാശലംഘന പ്രശ്‌നമായി ഉന്നയിക്കപ്പെട്ടു.

വിഷയത്തെക്കുറിച്ച് അന്വേഷിക്കാമെന്നു മന്ത്രി ഉറപ്പു നൽകി. ചോർച്ച സംഭവിച്ചത് എങ്ങനെയെന്നു കണ്ടെത്താനായില്ലെന്ന് 1955 സെപ്‌റ്റംബർ അഞ്ചിനു മന്ത്രി വ്യക്‌തമാക്കി. പാർലമെന്ററി കീഴ്‌വഴക്കങ്ങൾ പാലിക്കേണ്ടതു മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും പാർലമെന്റിൽ വയ്‌ക്കുംമുൻപു രേഖകൾ പ്രസിദ്ധീകരിച്ചതു തെറ്റായ രീതിയാണെന്നുമാണു സ്‌പീക്കർ വ്യക്‌തമാക്കിയത്.

Your Rating: