Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റ് രഹസ്യരേഖയെന്നു വിധിച്ചത് 1960ൽ കേരള ഹൈക്കോടതി

Kerala Budget Representational image

ന്യൂഡൽഹി ∙ നിയമസഭയിലോ പാർലമെന്റിലോ അവതരിപ്പിക്കുന്നതുവരെ ബജറ്റ് രഹസ്യരേഖയാണോ? അതേ എന്ന് 1960ൽ ഉത്തരം നൽകിയതു കേരള ഹൈക്കോടതിയാണ്. ആദ്യ കമ്യൂണിസ്‌റ്റ് മന്ത്രിസഭയുടെ കാലത്തു ബജറ്റ് ചോർന്നതിന്റെ കേസിലെ വിധിയിലാണ് ജസ്‌റ്റിസ് പി.ഗോവിന്ദമേനോൻ ബജറ്റ് ഔദ്യോഗിക രഹസ്യമാണെന്നു വ്യാഖ്യാനിച്ചത്.

ബജറ്റ് വിവരങ്ങൾ ചോർത്തിയതിനു കേരള കൗമുദി പത്രാധിപർ കെ.ബാലകൃഷ്‌ണനും പത്രത്തിന്റെ തിരുവനന്തപുരം സിറ്റി ലേഖകനും സെഷൻസ് കോടതി നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നു പറഞ്ഞു ഹൈക്കോടതിയെ സമീപിച്ചതു സർക്കാരാണ്. പത്രാധിപർക്കു 100 രൂപയും ലേഖകന് 75 രൂപയുമായിരുന്നു സെഷൻസ് കോടതി നൽകിയ ശിക്ഷ.

ബജറ്റ് രേഖകൾ ഔദ്യോഗിക രഹസ്യങ്ങളാണോ എന്ന ചോദ്യത്തിനു തങ്ങൾ ഉത്തരം നൽകേണ്ടതുണ്ടെന്ന് 1960 ജൂൺ പതിനഞ്ചിലെ വിധിന്യായത്തിൽ കോടതി വ്യക്‌തമാക്കി. തുടർന്നു കോടതി പറഞ്ഞത്, സഭയിൽ അവതരിപ്പിക്കുന്നതുവരെ ബജറ്റ് രേഖകൾ രഹസ്യങ്ങളെന്നു വ്യക്‌തമാക്കുന്ന ചട്ടങ്ങളൊന്നുമില്ല; എന്നാൽ, ലഭ്യമായ തെളിവുകളും ഭരണഘടനാ നിയമം സംബന്ധിച്ച പുസ്‌തകങ്ങളിലെ പരാമർശങ്ങളും കണക്കിലെടുക്കുമ്പോൾ, ബജറ്റ് രേഖകൾ ഔദ്യോഗിക രഹസ്യങ്ങൾതന്നെയാണെന്നാണ്. ഔദ്യോഗിക രഹസ്യ നിയമത്തിലെ അ‍ഞ്ചാം വകുപ്പു പ്രകാരം, ഔദ്യോഗിക വിവരങ്ങൾ പരസ്യമാക്കിയതിന്റെ പേരിൽ പ്രതികളെ ശിക്ഷിച്ചതു കോടതി അന്നു ശരിവച്ചു. എന്നാൽ, ശിക്ഷ വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. വിവരങ്ങൾ ചോർന്നതു സമ്പദ്‌വ്യവസ്‌ഥയെ ബാധിച്ചില്ലെന്ന ധനകാര്യ സെക്രട്ടറിയുടെ മൊഴി കോടതി കണക്കിലെടുത്തു. ബജറ്റ് രഹസ്യരേഖയായി കരുതുന്ന കീഴ്‌വഴക്കം ഇന്ത്യ, ബ്രിട്ടിഷ് പാർലമെന്ററി രീതിയിൽനിന്നു കടംകൊണ്ടതാണ്.

കേരള ഹൈക്കോടതി 1960ൽ ആശ്രയിച്ചതും ബ്രിട്ടിഷ് പാർലമെന്റിലെ രീതികളെക്കുറിച്ച് ഇ.സി.എസ്.വെയ്‌ഡ്, ജി.ഗോഡ്‌ഫ്രെ ഫിലിപ്‌സ് എന്നിവർ ചേർന്നെഴുതിയ ‘കോൺസ്‌റ്റിറ്റ്യൂഷനൽ ലോ’ എന്ന പുസ്‌തകത്തെയാണ്. ചാൻസലർ ബജറ്റ് അവതരിപ്പിക്കുംവരെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നുവെന്നാണ് ഈ പുസ്‌തകത്തിൽ പറഞ്ഞത്. ഓഹരി വിപണിയിൽ ഊഹങ്ങൾക്കു വഴിവയ്‌ക്കാൻ പാടില്ലെന്നും വ്യാപാരങ്ങളെ സ്വാധീനിക്കരുതെന്നും കരുതിയാണു ബജറ്റ് വിവരങ്ങൾ രഹസ്യമാക്കി വയ്‌ക്കുന്നതെന്നും വിശദീകരിക്കപ്പെട്ടു.

ബജറ്റ് ചോർന്നുവെന്ന് ഇന്ത്യൻ പാർലമെന്റിൽ ശക്‌തമായ ആരോപണമുയർന്നത് 1992ലാണ്. ബജറ്റ് അവതരണത്തിനു മൂന്നു മാസം മുൻപു ധനമന്ത്രി ഡോ. മൻമോഹൻ സിങ് രാജ്യാന്തര നാണയ നിധി, ലോക ബാങ്ക് എന്നിവയുടെ മേധാവികൾക്കെഴുതിയ കത്തുകളിൽ വരാൻപോകുന്ന ബജറ്റിലെ വിവരങ്ങൾ പരാമർശിച്ചെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മുൻ പ്രധാനമന്ത്രി എ.ബി.വാജ്‌പേയി, അന്നു സിപിഎം നേതാവായിരുന്ന സോമനാഥ് ചാറ്റർജി, സിപിഐയുടെ ഇന്ദ്രജിത് ഗുപ്‌ത, ജോർജ് ഫെർണാണ്ടസ്, റാംവിലാസ് പാസ്വാൻ തുടങ്ങിയവരാണു ബജറ്റ് ചോർച്ച ആരോപിച്ച് ആഞ്ഞടിച്ചത്. രാജ്യത്തിന്റെ പരമാധികാരം അടിയറവച്ച നടപടിയാണുണ്ടായതെന്നുവരെ ഇവർ ആരോപിച്ചു.

കത്തുകളിലെ വിവരങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസ് ദിനപത്രത്തിലൂടെ പുറത്തുവന്നു. 1992ലെ ബജറ്റ് അവതരണത്തിന്റെ തലേദിവസങ്ങളിൽ, ഫെബ്രുവരിയിലെ അവസാന ആഴ്‌ച വിവാദത്തെക്കുറിച്ചു നീണ്ട ചർച്ചകൾ നടന്നു. എന്താണു ബജറ്റിലുണ്ടാവുക എന്നതിനെക്കുറിച്ചു നൂറുകണക്കിനു പത്രവാർത്തകൾ വന്നിട്ടുണ്ടാവാമെന്നും അവയെക്കുറിച്ചൊക്കെ അഭിപ്രായം പറയുന്നതു ബജറ്റിന്റെ സ്വകാര്യത ലംഘിക്കുന്ന നടപടിയാകുമെന്നും മൻമോഹൻ സിങ് വാദിച്ചു. ബജറ്റ് അവതരിപ്പിക്കുംമുൻപു ബജറ്റ് ചർച്ച നടക്കുന്നതു സ്വതന്ത്ര ഇന്ത്യയിലെ ആദ്യസംഭവമായിരിക്കുമെന്ന് അന്നത്തെ പാർലമെന്ററികാര്യ മന്ത്രി ഗുലാം നബി ആസാദ് പറഞ്ഞു. വിവാദമായ കത്തുകളുടെയും അനുബന്ധ രേഖകളുടെയും പകർപ്പുകൾ സഭയിൽ വയ്‌ക്കുന്നതിനു പകരം, പാർലമെന്റിന്റെ ലൈബ്രറിയിൽ ലഭ്യമാക്കി കോൺഗ്രസ് സർക്കാർ അന്നു വിവാദത്തിൽനിന്നു തലയൂരി.

related stories
Your Rating: