ഭർതൃവധക്കേസ്: മലയാളി യുവതിയുടെ റിമാൻഡ് നീട്ടി

Representational image

മെൽബൺ ∙ പുനലൂർ സ്വദേശി സാം ഏബ്രഹാമിനെ ഓസ്ട്രേലിയയിലെ മെൽബണിൽ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയ, കാമുകൻ അരുൺ കമലാസനൻ എന്നിവരുടെ റിമാൻഡ് അടുത്ത മാസം 28 വരെ നീട്ടി.

കോടതി നടപടികൾ ജൂൺ 26, 27, 28 തീയതികളിൽ നടക്കും. സോഫിയ കാമുകനൊപ്പം ചേർന്ന് ഭർത്താവിന് സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. പുനലൂർ കരവാളൂർ ആലക്കുന്നിൽ സാം ഏബ്രഹാം കൊല്ലപ്പെട്ട സംഭവത്തിൽ സോഫിയയെയും അരുണിനെയും കഴിഞ്ഞ ഓഗസ്റ്റ് 19നാണ് അറസ്റ്റ് ചെയ്തത്.

മെൽബണിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്ന സാം 2015 ഒക്ടോബർ 14 നാണു മരിച്ചത്. ഹൃദ്രോഗംമൂലം മരിച്ചെന്നു മറ്റുള്ളവരെ വിശ്വസിപ്പിച്ച സോഫിയ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു.

സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തശേഷം തിരികെയെത്തിയ സോഫിയ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുകയും പതിവുപോലെ ജോലിക്ക് പോവുകയും ചെയ്തിരുന്നു. പത്തു മാസത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റിൽ സോഫിയയും അരുണും അറസ്റ്റിലാകുന്നതുവരെ ഇതു സാധാരണ മരണമെന്നാണു ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിച്ചിരുന്നത്.