മെൽബൺ∙ നാലാം ആഷസ് ടെസ്റ്റ് മൽസരം നടന്ന മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിന് രാജ്യാന്തര നിലവാരമില്ലായിരുന്നെന്ന് ഐസിസി. ജീവനില്ലാത്ത പിച്ചാണ് മെൽബണിലേതെന്നാണ് പ്രധാന കണ്ടെത്തൽ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രതിനിധി രഞ്ജൻ മദുഗലെയുടെ റിപ്പോര്‍ട്ടിൽ താഴ്ന്ന നിലവാരമുള്ള പിച്ചാണ് മെൽബൺ സ്റ്റേഡിയത്തിലേതെന്നാണ് പരാമർശം. ശരാശരി മാത്രം ബൗൺസുള്ള പിച്ചിൽ പെയ്സ് ഒട്ടും ലഭിക്കില്ലെന്നും കളി പുരോഗമിക്കുന്തോറും അത് കുറഞ്ഞു കുറഞ്ഞുവരുമെന്നുമാണുള്ളത്.
ഇതാദ്യമായാണ് ഓസ്ട്രേലിയയിലെ ഒരു ടെസ്റ്റ് ഗ്രൗണ്ടിന് ഇത്രയും ചെറിയ റേറ്റിങ് ലഭിക്കുന്നത്. പ്രാഥമികമായി അധികൃതർക്ക് പിഴയും പിന്നീട് സസ്പെൻഷൻ വരെ ലഭിക്കാവുന്ന നടപടികളാണ് ഉണ്ടാകുക. ഓസ്ട്രേലിയ– ഇംഗ്ലണ്ട് നാലാം ആഷസ് മൽസരത്തിനിടെ കളിക്കാരും ഒഫീഷ്യൽസും ഗ്രൗണ്ടിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് പരാതി പറഞ്ഞിരുന്നു. അഞ്ച് ദിവസത്തിനിടെ 24 വിക്കറ്റുകള്‍ മാത്രം വീണ നാലാം ആഷസ് ടെസ്റ്റ് പോരാട്ടം സമനിലയില്‍ പിരിയുകയായിരുന്നു.
പിച്ചും ഔട്ട്ഫീല്‍ഡും വിലയിരുത്തുന്ന ഐസിസിയുടെ പ്രത്യേക സമിതിയുടെ റേറ്റിങ് സംവിധാനത്തില്‍ അഞ്ച് പോയിന്റിലധികം താഴെ പോയാല്‍ ഒരു വര്‍ഷത്തെ വിലക്ക് വരെ മെല്‍ബണ്‍ ഗ്രൗണ്ടിന് നേരിടേണ്ടി വരും. വിശദീകരണമറിയിക്കാന്‍ രണ്ടാഴ്ചത്തെ സമയമാണ് ക്രിക്കറ്റ് ബോർഡിന് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യ– ഓസ്ട്രേലിയ മൽസരം നടന്ന പുണെയിലെ ഗ്രൗണ്ടും നിലവാരമില്ലാത്തതായിരുന്നെന്ന് ഐസിസി കണ്ടെത്തി. ബോക്സിങ് ഡെ ടെസ്റ്റിന് പുറമെ ലോകകപ്പ് ഫൈനലിന് വരെ വേദിയായിട്ടുള്ള മെൽബൺ, ലോകക്രിക്കറ്റിലെ പ്രധാന വേദികളിലൊന്നാണ്.