Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബജറ്റ് ചോർച്ച: മന്ത്രി സ്വയം ശിക്ഷ ഏറ്റുവാങ്ങണമെന്ന് ഉമ്മൻ ചാണ്ടി

oommen-chandy-12

കോട്ടയം ∙ ബജറ്റ് ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു മന്ത്രി തോമസ് ഐസക് സ്വയം ശിക്ഷ ഏറ്റുവാങ്ങണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണു ധനമന്ത്രിയുടെ ഓഫിസിൽ നിന്നു ബജറ്റ് ചോരുന്നത്. ബജറ്റ് അവതരിപ്പിച്ചു തുടങ്ങി മിനിറ്റുകൾക്കകം പൂർണരൂപം വിവിധ ചാനലുകൾ പുറത്തുവിട്ടു. കീഴ്‌വഴക്കങ്ങൾക്കു വിരുദ്ധമാണിത്. ധനമന്ത്രിയുടെ‌ ഓഫിസിലെ ഒരു ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചതു വീഴ്ച അംഗീകരിച്ചതിനു തെളിവാണ്.

ബജറ്റ് മാധ്യമങ്ങൾക്കു മുൻകൂട്ടി നൽകിയതു തന്റെ ഓഫിസ് സ്റ്റാഫിനു സംഭവിച്ച വീഴ്ചയാണെന്നു പറഞ്ഞു കയ്യൊഴിയുന്നത് ധനകാര്യ മന്ത്രിയുടെ പദവിക്കു ചേർന്നതല്ല. ബജറ്റ് അപ്പാടെ ചോർത്തിക്കൊടുത്ത ധനമന്ത്രി, ചോർച്ച വെറും കൈപ്പിഴ എന്നു പറഞ്ഞു ഭരണഘടനയെ അവഹേളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രി രാജി വയ്ക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി. ഏതു കാര്യത്തിലും തനിക്കു തന്റേതായ ശൈലി ഉണ്ടെന്നായിരുന്നു മറുപടി. ബജറ്റ് ചോർച്ചയെ സംബന്ധിച്ച യുഡിഎഫ് നിലപാട് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ബജറ്റ് ചോർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി തോമസ് െഎസക്ക് രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ധനവകുപ്പിന്റെ അനാസ്ഥ വകുപ്പിന്റെ പ്രസക്തി നഷ്ടപ്പെടുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക മുരടിപ്പിനെ സൂചിപ്പിക്കുന്ന ബജറ്റാണിത്. നികുതി പിരിച്ചെടുക്കാൻ ശ്രമിക്കാതെ പ്രതിസന്ധിക്ക് കാരണം കേന്ദ്രം നോട്ടു പിൻവലിച്ചതാണെന്നു പറഞ്ഞ് രക്ഷപ്പെടാനാണ് ധനമന്ത്രിയുടെ ശ്രമമെന്നും കുമ്മനം കുറ്റപ്പെടുത്തി. ചോർന്ന ബജറ്റ് അവതരിപ്പിച്ച് മന്ത്രി തോമസ് ഐസക് പരിഹാസ്യനായിരിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. കേന്ദ്രപദ്ധതികൾ പ്രഖ്യാപിച്ച് കയ്യടി നേടാനാണു മന്ത്രി ശ്രമിച്ചതെന്നും രമേശ് പറഞ്ഞു.

related stories
Your Rating: