തിരുവനന്തപുരം ∙ ഭരണപക്ഷത്തിന് ഉത്തേജനമാകേണ്ട ബജറ്റ് പ്രതിപക്ഷത്തിന് ആയുധമായി എന്നതിന്റെ ആഘാതത്തിൽ സിപിഎമ്മും സർക്കാരും. അവതരണം പൂർത്തിയാക്കും മുമ്പു തന്നെ വിവരങ്ങൾ പുറത്തുപോയതിൽ ജാഗ്രതക്കുറവുണ്ടായെന്നു സിപിഎം വിലയിരുത്തുന്നു. അതിൽ പക്ഷെ ധനമന്ത്രി ഐസക്കിനെ പ്രതിചേർക്കാനുള്ള പ്രതിപക്ഷനീക്കത്തെ ചെറുക്കാനുമാണ് പാർട്ടി സെക്രട്ടേറിയറ്റിന്റെ തീരുമാനം.
സർക്കാരിനെതിരായ വിമർശനങ്ങൾക്കു മറുപടി നൽകാനുള്ള വിലപിടിപ്പുള്ള രേഖയായാണു ബജറ്റിനെ പാർട്ടിയും ഐസക്കും വിഭാവനം ചെയ്തത്. പുതിയ തുടക്കമിടാമെന്നും പ്രതീക്ഷിച്ചു. ആ മോഹം പാളി. സർക്കാരിന്റെ പിടിപ്പുകേടിന്റെ മകുടോദാഹരണവുമായി ചോർച്ച പ്രതിപക്ഷത്തിനു മൂർച്ചയുള്ള ആയുധം അങ്ങോട്ടു കൊടുത്തു. ആ പരുവക്കേടാണു സെക്രട്ടേറിയറ്റിലെ ചർച്ചകളിൽ മറ നീക്കിയത്. ഐസക് യോഗത്തിലുണ്ടായിരുന്നില്ല. തിരുത്തൽ നടപടി പാർട്ടി ആവശ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണു പ്രസ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ നീക്കിയത്.
മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നീരസത്തിലുമാണ്. ധനമന്ത്രിയുടെ ഓഫിസിൽ സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്ന ഗുരുതരമായ അശ്രദ്ധയോ നോട്ടപ്പിശകോ സംഭവിച്ചതായി അവർ കരുതുന്നു. ഐസക്കിനോട് അതിലുള്ള അതൃപ്തി പിണറായി പറഞ്ഞുവെന്നുമാണു വിവരം. നിയമപരമായ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല എന്ന നിഗമനത്തിലാണു പാർട്ടി. ബജറ്റിന്റെ ഭാഗമായ രേഖ ചോർന്നെങ്കിൽ മാത്രമേ ആ വിഷയം വരൂ. ‘‘ബജറ്റുകഴിഞ്ഞു മാധ്യമപ്രവർത്തകർക്കു നൽകാൻ വച്ചിരുന്ന കുറിപ്പ് അൽപം നേരത്തെ നൽകി എന്ന അനൗചിത്യമാണു സംഭവിച്ചിരിക്കുന്നത്. ബജറ്റിന്റെ ഭാഗമായ ഒരു രേഖയും ചോർന്നു പുറത്തുവന്നിട്ടില്ല. അതിനാൽ നിയമ, പാർലമെന്ററി തലത്തിൽ ഒരു വീഴ്ച സംഭവിച്ചതായി കരുതാൻ കഴിയില്ല’’– നിയമ, പാർലമെന്ററി കാര്യമന്ത്രി എ.കെ.ബാലൻ പറഞ്ഞു.
അവതരണം ആരംഭിച്ച ശേഷമാണ് അതു പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതു സാങ്കേതികത്വം മാത്രമാണെന്നാണു പ്രതിപക്ഷത്തിന്റെ വാദം. ബജറ്റ് എന്താണോ മുന്നോട്ടുവയ്ക്കുന്നത്, അതു മുഴുവൻ ചോർന്നു. സഭയെ സംബന്ധിച്ചിടത്തോളം ഏറ്റവും രഹസ്യസ്വഭാവമുള്ള ഒരു രേഖ അവിടെ അവതരിപ്പിക്കുന്നതിനു മുമ്പു പുറത്തുവരുന്നതു സഭയോടു തന്നെയുള്ള അവഹേളനമാണ്. സർക്കാർ സംവിധാനത്തിലൂടെ തന്നെയാണു പുറത്തുവന്നത് എന്നതു ഗൗരവത്തിന് ആക്കം കൂട്ടുന്നു. മന്ത്രിയുടെ ഓഫിസിലെ ഒരു ജീവനക്കാരനെ ബലിയാക്കിയതുകൊണ്ട് ആ പ്രശ്നം തീരുന്നില്ല. ബജറ്റിന്റെ പവിത്രത നിലനിർത്തേണ്ട കടമ മന്ത്രിക്കും സർക്കാരിനുമാണ് എന്നതിനാൽ ഇടപെടണം എന്ന് ആവശ്യപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുമായി ബന്ധപ്പെടാം എന്ന ഉറപ്പു നൽകിയാണു ഗവർണർ പ്രതിപക്ഷത്തെ തിരിച്ചയച്ചത്.
തന്റെ പ്രയത്നങ്ങളുടെ ശോഭ സ്വന്തം ഓഫിസ് തന്നെ കെടുത്തിയതിലുള്ള നിരാശ ഐസക്കിൽ പ്രകടമായിരുന്നു. സിപിഎമ്മിന്റെ കേരളത്തിലെ നേതൃതലത്തിൽ അദ്ദേഹം കുറേനാളായി നേരിടുന്ന അരക്ഷിതാവസ്ഥയെ ഈ വിവാദം ഒട്ടും സഹായിക്കില്ല. എങ്കിലും പാർട്ടിക്കും സർക്കാരിനും അനിവാര്യനാണു താനെന്ന ധൈര്യം അദ്ദേഹത്തെ നയിക്കും. നോട്ട് നിരോധനത്തെ ജിഎസ്ടി കൊണ്ടും വികസന പോരായ്മകളെ കിഫ്ബി കൊണ്ടും മറികടക്കാനുള്ള ആത്മവിശ്വാസമാണ് അദ്ദേഹം ബജറ്റിൽ പ്രകടിപ്പിക്കുന്നത്. പക്ഷെ അതൊരു വിലയില്ലാത്ത കടലാസായിപ്പോയെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപമാകും അദ്ദേഹത്തിനും സർക്കാരിനും സഭയിൽ വരുംദിവസങ്ങളിൽ നേരിടേണ്ടിവരിക.