തിരുവനന്തപുരം ∙ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ നൽകാനായി ബജറ്റിൽ 1000 കോടി രൂപയുടെ ബൃഹദ് പദ്ധതി. മറ്റുള്ളവർക്കു കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കും. കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെയാണു സർക്കാരിന്റെ കേരള ഫൈബർ ഒപ്റ്റിക് ശൃംഖല (കെഫോൺ) സ്ഥാപിക്കുക. വൈദ്യുതി പോസ്റ്റുകളിലൂടെ കൂറ്റൻ കേബിൾ വലിച്ച് ഓരോ മേഖലയിലെയും കേബിൾ ടിവി വിതരണക്കാർക്ക് ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കും. ഇതിലൂടെയാണു വീടുകളിലേക്ക് ഇന്റർനെറ്റ് എത്തിക്കുക. ഇപ്പോൾ സർക്കാർ ഓഫിസുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ബിഎസ്എൻഎല്ലിന്റെ കേബിളാണു സർക്കാർ വാടകയ്ക്കെടുത്തിരിക്കുന്നത്.
സ്വന്തം ശൃംഖല വരുന്നതോടെ ഇന്റർനെറ്റ് വിതരണത്തിലും സർക്കാർ സ്വയം പര്യാപ്തമാകും. ഇന്റർനെറ്റ് സൗകര്യം പൗരാവകാശമായ അപൂർവം പ്രദേശങ്ങളിൽ ഒന്നായി കേരളം മാറുമെന്നു ബജറ്റ് പ്രസംഗത്തിൽ ഐസക് പറഞ്ഞു. സർക്കാർ, സർക്കാരിതര സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികക്ഷേമ സൗകര്യങ്ങൾ, വിനോദ വിജ്ഞാന സേവനങ്ങൾ എന്നിവയ്ക്കായി ശൃംഖല ഉപയോഗപ്പെടുത്തും.
അടുത്ത സാമ്പത്തികവർഷം സർക്കാരിന്റെ മിക്ക ഇടപാടുകളും ഐടി അധിഷ്ഠിതമായി മാറും. ഇതോടെ പൗരസേവനങ്ങൾ എല്ലാം ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാക്കാൻ കഴിയും. അക്ഷയ പൗര സേവനകേന്ദ്രങ്ങൾ, ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങൾ, സർക്കാർ ഓഫിസുകൾ, ലൈബ്രറികൾ, സർക്കാർ നിയന്ത്രണത്തിലുള്ള പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൈഫൈ പ്രസാരണ കേന്ദ്രങ്ങളും സ്ഥാപിക്കും.