തിരുവനന്തപുരം∙ ലോ അക്കാദമി സമരം പരാജയപ്പെടുത്താൻ സർക്കാർ സംവിധാനം മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയതു ലജ്ജാകരമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു സർക്കാർ നോമിനികളായ ഐഎഎസ് ഉദ്യേഗസ്ഥർ ഉൾപ്പെടെയുള്ളവർ ലോ അക്കാദമിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചത്.
വിദ്യാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കില്ലന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമാണ്. സ്വാശ്രയ പ്രശ്നത്തിലും മുഖ്യമന്ത്രി ഇതേ നിലപാടാണു കൈക്കൊണ്ടത്. ഇതു മുഖ്യമന്ത്രിക്കു ചേർന്ന നടപടിയല്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ, മുഖ്യമന്ത്രി പദത്തിലെത്തിയപ്പോൾ പൊതുപ്രവർത്തകർക്കെതിരെ സ്വീകരിക്കുന്ന നിലപാട് വിചിത്രമാണെന്നും ചെന്നിത്തല പറഞ്ഞു.
∙ പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും ക്രൂരമായ വിദ്യാർഥി വഞ്ചനയാണു കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കറ്റിൽ പ്രകടമായതെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. സർവവിധ ക്രമക്കേടുകളും വിദ്യാർഥി പീഡനവും സർവകലാശാലാ ചട്ടങ്ങളുടെ ലംഘനങ്ങളും നടത്തിയെന്നു സർവകലാശാല ഉപസമിതി കണ്ടെത്തിയിട്ടും പ്രിൻസിപ്പലിനും മാനേജുമെന്റിനുമെതിരെ നടപടി സ്വീകരിക്കുന്നതിനു തയാറാകാത്ത സിൻഡിക്കറ്റിലെ സിപിഎം അംഗങ്ങളുടെ നടപടി തികച്ചും ലജ്ജാകരമാണ്.
ഏതു ജനാധിപത്യവിരുദ്ധമായ മാർഗത്തിലൂടെയും ലോ അക്കാദമി മാനേജ്‌മെന്റിനു സംരക്ഷണമൊരുക്കുമെന്ന സർക്കാരിന്റെ നയമാണ് ഇതോടെ വ്യക്തമാകുന്നതെന്നു സുധീരൻ പറഞ്ഞു.