തിരുവനന്തപുരം∙ അഭിഭാഷകരും മാധ്യമപ്രവർത്തകരുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർക്കാൻ ലോ കമ്മിഷൻ ഇടപെടണമെന്നു ഗവർണർ പി.സദാശിവം. ലോ കമ്മിഷൻ അംഗമായി നിയമിതനായ പ്രഫ.എസ്.ശിവകുമാറിനു കേരളീയം നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
മാധ്യമപ്രവർത്തകരും മാധ്യമങ്ങളുമായുള്ള ഇടപെടലിൽ ഏറെ അനുഭവസമ്പത്തുള്ളയാളാണു പ്രഫ.എസ്.ശിവകുമാർ എന്നും ഈ അനുകൂല സാഹചര്യം മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടാൻ ഉപകരിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. കോടതി പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെയാണു ജനങ്ങൾ അറിയുന്നത്.
നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനങ്ങൾക്കു ജനങ്ങളുടെ ക്ഷേമവുമായി അഭേദ്യ ബന്ധമുണ്ട്. മാധ്യമരംഗം ഏറെ മാറ്റങ്ങൾക്കു വിധേയമാകുന്ന ഈ സാഹചര്യത്തിൽ ഈ ജനാധിപത്യ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം. വ്യവസ്ഥാപിത പ്രവർത്തനമാണു ലോ കമ്മിഷൻ പിന്തുടരുന്നതെന്നും നിയമസംവിധാനത്തിൽ സുപ്രധാന ചുമതലയാണു കമ്മിഷനുള്ളതെന്നും ഗവർണർ പറഞ്ഞു.
കേരളീയം ചെയർമാൻ പി.വി.അബ്ദുൽ വഹാബ് എംപി അധ്യക്ഷത വഹിച്ചു. ഡിജിപി ലോക്നാഥ് ബെഹ്റ, പ്രഫ. എൻ.ആർ.മാധവമേനോൻ, ജി.രാജ്മോഹൻ, സരോജ് പി.ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.