തിരുവനന്തപുരം∙ ആദ്യം അച്ചടിച്ച സർക്കാർ ഡയറി സിപിഐ മന്ത്രിമാരുടെ പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ചതിനു പിന്നാലെ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധപഞ്ചാംഗമായെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തെറ്റുകൾ കൊണ്ടു ചരിത്രത്തിൽ ഇടം പിടിക്കാനാണു കേരള സാഹിത്യ അക്കാദമി ശ്രമിക്കുന്നതെന്നു രമേശ് കുറ്റപ്പെടുത്തി.
സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിൽ ചെയർമാനായി മുൻ മന്ത്രി കെ.സി.ജോസഫിന്റെ പേരാണു കൊടുത്തിരിക്കുന്നത്. നിര്യാതനായ പ്രഫ. എരുമേലി പരമേശ്വര പിള്ളയാണ് നിരണം കണ്ണശ്ശ സ്മാരകം പ്രസിഡന്റ്. പ്രഫ. എ.ലോപ്പസ് രണ്ടു വർഷം മുമ്പേ പുതിയ പ്രസിഡന്റായി ചുമതലയേറ്റിരുന്നു. വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ മെംബർ സെക്രട്ടറി കസേരയിൽ ബാലു കിരിയത്ത് മാറി കവി എം.ആർ.ജയഗീത എത്തിയതും അധികൃതർ അറിഞ്ഞിട്ടില്ല.
ഡയറി പ്രകാരം തകഴി സ്മാരക സെക്രട്ടറി, അന്തരിച്ച ദേവദത്ത് ജി.പുറക്കാടാണ്. ഡയറി പോലും തെറ്റു കൂടാതെ അച്ചടിച്ചിറക്കാൻ കഴിയാത്തവരാണെന്നു പിണറായി സർക്കാർ വീണ്ടും തെളിയിച്ചെന്നും രമേശ് പരിഹസിച്ചു.