തിരുവനന്തപുരം∙ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എൻ.ശങ്കർ റെഡ്ഢി ഉൾപ്പെടെയുള്ളവരെ ഡിജിപിമാരായി നിയമിച്ചതു സാധാരണ നടപടി മാത്രമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് ഐഎഎസിനു 12 കേഡറും ഐപിഎസിനു രണ്ടു കേഡറും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ഐപിഎസുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു ശങ്കർ റെഡ്ഢി, ബി.എസ്.മുഹമ്മദ് യാസിൻ, രാജേഷ് ദിവാൻ, എ.ഹേമചന്ദ്രൻ ഉൾപ്പെടെ അഞ്ചു പേരെ ഡിജിപിമാരായി നിയമിച്ചത്.
അഖിലേന്ത്യാ ചട്ടപ്രകാരം സംസ്ഥാന സർക്കാരിനു രണ്ടു വർഷത്തേയ്ക്ക് ഇങ്ങനെ നിയമനം നടത്താം. നടപടിക്രമം പരിശോധിച്ചാണ് ഇതു ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. ഈ അധികാരം ഉപയോഗിച്ചു ഹരിയാനയിൽ 35 കേഡർ പോസ്റ്റിൽ നിയമനം നടത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് അധികാരമുള്ളതു കൊണ്ടാണു ചെയ്തത്.
ഐഎഎസുകാർക്കു ഫയലിൽ അവർക്ക് ഇഷ്ടമുള്ളതു പോലെ എഴുതാം. അതു കാബിനറ്റ് അംഗീകരിക്കണമെന്നില്ല. അന്യായമായ കാര്യങ്ങളിൽ തിരുത്തൽ വരുത്താനാണു മന്ത്രിമാരും മന്ത്രിസഭയും ഉള്ളത്.
അതിനാൽ കഴിഞ്ഞ സർക്കാർ ശങ്കർ റെഡ്ഢി ഉൾപ്പെടെയുള്ളവരെ നിയമിച്ചതിൽ അഴിമതിയോ, അഴിമതി നിരോധനമോ ഇല്ല. സാധാരണ നടപടിക്രമം മാത്രമാണ്– ചെന്നിത്തല പറഞ്ഞു.