കൊച്ചി ∙ മെട്രോ ഉദ്ഘാടനത്തിനെത്തിയവർക്ക് മെട്രോമാൻ തന്നെയായിരുന്നു താരം. ഉദ്ഘാടനവേദിയിൽ ആദ്യം അദ്ദേഹത്തിനു സ്ഥാനമില്ലാതിരുന്നതും പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ട് സ്ഥാനം ലഭിച്ചതുമൊക്കെ മനസ്സിലുണ്ടായിരുന്ന സദസ് ശ്രീധരന്റെ പേരു പറഞ്ഞപ്പോഴൊക്കെ െകെയടിച്ചു.
ഉദ്ഘാടനച്ചടങ്ങിനു മുൻപ് പ്രധാനമന്ത്രി നടത്തിയ മെട്രോ യാത്രയുടെ തൽസമയ സംപ്രേഷണത്തിലൂടെ ശ്രീധരന്റെ മുഖം ഉദ്ഘാടന വേദിയിലെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ സദസ് ആർത്തു വിളിച്ചു. യാത്ര കഴിഞ്ഞ് ഇ. ശ്രീധരൻ ഉദ്ഘാടനവേദിയിലെത്തിയപ്പോഴും കരഘോഷം.
സ്വാഗത പ്രസംഗകനായ കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ഇ. ശ്രീധരന്റെ പേര് പരാമർശിച്ചപ്പോഴുയർന്ന െകെയടി കാരണം സ്വാഗത പ്രസംഗകന് അടുത്ത പേരുകളിലേക്കു കടക്കാൻ അൽപം കാത്തുനിൽക്കേണ്ടിവന്നു.
ഇന്ത്യയുടെ മഹാനായ മെട്രോമാൻ എന്നു ശ്രീധരനെ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു വിശേഷിപ്പിച്ചപ്പോഴും സദസ് ആരവം മുഴക്കി. കൊച്ചി മെട്രോ യാഥാർഥ്യമാക്കിയതിനു പിന്നിൽ ഇ. ശ്രീധരന്റെ പങ്ക് എടുത്തു പറഞ്ഞാണു മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗിച്ചത്.
ചടങ്ങ് പൂർത്തിയായി വിശിഷ്ടാതിഥികൾ മടങ്ങിയിട്ടും ഏറെ നേരത്തേക്ക് ഇ. ശ്രീധരനു പുറത്തു കടക്കാനായില്ല. കെഎംആർഎൽ ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പെടെയുള്ളവർ മെട്രോ ഉദ്ഘാടന വേദിയിൽ അദ്ദേഹത്തേടൊപ്പം സെൽഫിയെടുക്കാൻ തിക്കിത്തിരക്കി.