കൊച്ചി ∙ അനധികൃതമായി ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ച കേസിൽ വനം വകുപ്പിന്റെ അന്വേഷണം നേരിടുന്ന ഉത്തരേന്ത്യക്കാരൻ മനീഷ് കുമാർ ഗുപ്ത(ബോബി ഗുപ്ത) അറസ്റ്റിലായി. ഇന്നലെ കാക്കനാടു നിന്നാണു വനം വകുപ്പ് ഉദ്യോഗസ്ഥർ ഗുപ്തയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിൽ ഒളിവിലായിരുന്ന ഗുപ്ത കാക്കനാട് എത്തിയെന്നു രഹസ്യവിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണ് അറസ്റ്റ്. മൊബൈൽ ഫോൺ സിഗ്നൽ പിൻതുടർന്നാണു മനീഷിന്റെ നീക്കങ്ങൾ കണ്ടെത്തിയത്.
ഫോണിന്റെ സ്ഥാനം കാക്കനാട് എത്തിയതോടെ ഒളിത്താവളം കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രം മുൻ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസർ രാജൻ കെ. തലാപ്പിള്ളിയുടെ നഗ്നചിത്രങ്ങളെടുത്തു ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച സംഭവത്തിനു പിന്നിലും മനീഷ് ഗുപ്തയാണെന്നാണു വിവരം.
അങ്കമാലി സ്വദേശിയായ ജോസിന്റെ വക ആനയുടെ രണ്ടു കൊമ്പുകളാണ് വനം വകുപ്പു ഫ്ലൈയിങ് സ്ക്വാഡും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്നു ഗുപ്തയുടെ വീട്ടിൽ കണ്ടെടുത്തത്. ഓട്ടമൊബീൽ സ്പെയർ പാർട്സ് വ്യവസായിയായ ഗുപ്തയെ അന്വേഷിക്കുന്നതിനിടെയാണ് ഇയാൾക്കെതിരെയുള്ള പഴയ കേസിന്റെ വിവരങ്ങൾ ലഭിച്ചത്.
ബാങ്കിനേക്കാൾ സുരക്ഷിതമായി ആനക്കൊമ്പു സൂക്ഷിക്കാൻ മനീഷിന്റെ വീട്ടിൽ സൗകര്യമുള്ളതിനാൽ ജോസ് ആനക്കൊമ്പ് സൂക്ഷിക്കാൻ ഏൽപ്പിച്ചെന്നാണ് ഇയാളുടെ മൊഴി. ഇതിനു വേണ്ടി മുദ്രപത്രത്തിൽ തയാറാക്കിയ ഉടമ്പടി ഇയാൾ ഹാജരാക്കി. എന്നാൽ ഉടമ്പടി അടുത്തദിവസം വ്യാജമായി തയാറാക്കിയതാണെന്നു വ്യക്തമായി.