കോതമംഗലം ∙ തട്ടേക്കാട് വനത്തിൽ നായാട്ടിനിടെ വഴുതനപ്പിള്ളി ടോണി മാത്യു (25) വെടിയേറ്റു മരിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പേരെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫിസിൽ ചോദ്യം ചെയ്തുവരുന്ന പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണു സൂചന. മരിച്ച ടോണിയോടൊപ്പം നായാട്ടുസംഘത്തിലുണ്ടായിരുന്നു ഞായപ്പിള്ളി സ്വദേശികളായ വടക്കേൽ ഷൈറ്റ് (40), ചെരുവിള പുത്തൻവീട്ടിൽ അജേഷ് (28) എന്നിവരെയാണു കുട്ടമ്പുഴയിലെ ഒളിസങ്കേതത്തിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.
കാട്ടാനയെ കണ്ട് ഓടുന്നതിനിടയിൽ വീണ ഷൈറ്റിന്റെ കൈവശമിരുന്ന തോക്ക് അറിയാതെ പൊട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഇവർ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരുടെ മൊഴിയും പരുക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ കഴിയുന്ന വാട്ടപ്പിള്ളി ബേസിലിന്റെ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടെന്നു പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് ആദ്യം രക്ഷകരായി എത്തിയ കുട്ടമ്പുഴ സ്വദേശി പാലമല റെജി, ഷൈറ്റിന്റെ ജ്യേഷ്ഠൻ ഷിബു എന്നിവർ നൽകിയ മൊഴികളുമായും മറ്റു മൊഴികൾക്കു പൊരുത്തക്കേടുണ്ട്. സംഘത്തിലുള്ളവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു കൃത്യമായ വിവരം ശേഖരിക്കാനാണു പൊലീസ് ശ്രമിക്കുന്നത്.
ബുധനാഴ്ച രാത്രിയാണ് എൻജിനീയറിങ് ബിരുദധാരിയായ ടോണി മാത്യു തട്ടേക്കാട് പക്ഷിസങ്കേതത്തിലെ വനത്തിൽ കൊല്ലപ്പെട്ടത്. നായാട്ടിനിടെ ആനയുടെ ആക്രമണത്തിൽ മരിച്ചു എന്നാണു കൂടെയുണ്ടായിരുന്നവർ ആദ്യം പറഞ്ഞത്. വെടിയേറ്റ് രക്തം വാർന്നാണു ടോണി മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. വെടികൊണ്ടത് അബദ്ധത്തിലാണോ എന്നാണ് ഇനി അറിയാനുള്ളത്. ബേസിലിനു പരുക്കേറ്റതു സംബന്ധിച്ചും വ്യക്തത വരാനുണ്ട്.