Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കൊമ്പ്’ കുത്തിക്കും, ഷാലിമാർ മാഫിയ

Ivory ആനക്കൊമ്പ് (ഫയൽചിത്രം)

തൃശൂർ ∙ 3 വർഷത്തിനിടെ കേരളത്തിലെ വനമേഖലകളിൽ വേട്ടക്കാർ കൊന്നൊടുക്കിയ 18 ആനകളുടെ കൊമ്പുകൾ കടത്തിയതു കൊൽക്കത്ത വഴി നേപ്പാളിലേക്കെന്ന് വിവരം. കേരളത്തിനു പുറമെ മൈസൂർ ഡിവിഷൻ, ഈറോഡ് വനംഡിവിഷൻ എന്നിവിടങ്ങളിൽ നിന്നും കോടികൾ വിലയിട്ട് ആനക്കൊമ്പുകൾ ട്രെയിൻ മാർഗം കൊൽക്കത്തയിലെ ഷാലിമാറിലേക്കു പോകുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സംഘമാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ആനക്കൊമ്പ് ‘കയറ്റുമതി’ കൈകാര്യം ചെയ്യുന്നതെന്ന വിവരം വനംവകുപ്പിനും അറിയാമെങ്കിലും ഇടനിലക്കാരിൽ അന്വേഷണം അവസാനിക്കുന്നു.

ഇടമലയാർ ആനവേട്ടസംഭവം പുറത്തുവന്നശേഷം കേരളത്തിൽ നിന്നുള്ള ആനക്കൊമ്പ് കയറ്റുമതി കുറഞ്ഞെങ്കിലും അതീവ രഹസ്യമായി വേട്ട തുടരുന്നുവെന്ന് വനംവകുപ്പിന്റെ കൈവശമുള്ള രേഖകൾ തന്നെ തെളിയിക്കുന്നു. വേട്ടയാടപ്പെട്ട 18 ആനകളുടെ കൊമ്പ് കൊൽക്കത്തയിലെ ഷാലിമാർ, ന്യൂ മാർക്കറ്റ് എന്നിവിടങ്ങളിലാണ് എത്തിയത്. ഇവിടത്തെ രഹസ്യ കേന്ദ്രത്തിൽ 30 ശിൽപികൾ അടങ്ങുന്ന സംഘം കൊമ്പുകൾ ശിൽപങ്ങളാക്കി നേപ്പാളിലേക്കു കടത്തുന്നുവെന്നു വനംവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്. ആനക്കൊമ്പിന്റെ യഥാർഥ വിലയുടെ മൂന്നിരട്ടിയാണ് വിഗ്രഹങ്ങളുടെ രൂപത്തിലുള്ള ശിൽപങ്ങൾക്കു നേപ്പാളിലെ വിപണിയിൽ പ്രതിഫലം.

കൊമ്പ് കടത്താൻ വേട്ടസംഘങ്ങൾ ആശ്രയിക്കുന്നത് റെയിൽ മാർഗമാണ്. ട്രെയിനിൽ ജീവനക്കാരുടെ സീറ്റുകൾക്കു താഴെയുള്ള അറകളും ‘സ്റ്റോറേജ് സ്പേസും’ ഇതിനായി ദുരുപയോഗപ്പെടുത്തുന്നുവെന്നാണ് വിവരം. പണവും മദ്യവുമാണ് ഈ കണ്ണടയ്ക്കലിനുള്ള പ്രതിഫലം. പരിശോധനയുണ്ടായാലും ജീവനക്കാരുടെ ഇരിപ്പിടങ്ങൾ സുരക്ഷിതമായിരിക്കുകയും ചെയ്യും.

ivory-news ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ ശിൽപങ്ങൾ (ഫയൽചിത്രം)

എടുക്കുമ്പോൾ 45,000 രൂപ, കൊടുക്കുമ്പോൾ 1.25 ലക്ഷം

കാട്ടാനകളെ കൊന്നു കൊമ്പെടുക്കുന്നവർക്ക് ഇടനിലക്കാർ നൽകുന്ന പ്രതിഫലം കിലോഗ്രാമിന് 40,000 മുതൽ 45,000 രൂപവരെ. ഇത് കൊൽക്കത്തയിലെത്തുമ്പോൾ വില കിലോഗ്രാമിന് 75,000 ആയി ഉയരും. പോളിഷിങ് അടക്കമുള്ള മിനുക്കുപണികൾ നടത്തിയും ശിൽപമാക്കി മാറ്റിയും കൊമ്പ് നേപ്പാളിലെത്തുമ്പോൾ വില ഒന്നേകാൽ ലക്ഷമാകും. പൂർണ വളർച്ചയെത്തിയ കൊമ്പന്റെ ഒരു ജോടി കൊമ്പുകൾക്കു ശരാശരി 40 കിലോ വരെ ഭാരമുണ്ടാകാം. അതായത്, ഒരാനയുടെ കൊമ്പിനു തന്നെ അരക്കോടി രൂപയോളം നേപ്പാൾ വിപണിയിൽ വിലവരും. രാജ്യാന്തര ഉപഭോക്താക്കളിലെത്തുമ്പോൾ വില പിന്നെയും ഉയരും. 

tusk ആനക്കൊമ്പു കൊണ്ടുണ്ടാക്കിയ ശിൽപം (ഫയൽചിത്രം)

ബോൾ ആയും കരുക്കളായും മാറുന്ന ആനക്കൊമ്പുകൾ

രാജ്യാന്തര വിപണിയിൽ ആനക്കൊമ്പുകൾ രൂപംമാറിയെത്തുന്നത് അതിസമ്പന്നരിലേക്ക്. ബില്യാർഡ്സ് ബോൾ, ചെസ് ബോർഡിലെ കരുക്കൾ, പിയാനോ കീ തുടങ്ങിയ രൂപങ്ങളിലാണ് ആനക്കൊമ്പിനു വിദേശവിപണിയിൽ പ്രിയം. ആനക്കൊമ്പിൽ കൊത്തിയ ആഭരണങ്ങൾക്കും ഡിമാൻഡ് ഏറെ. രാജ്യാന്തര വിപണിയിൽ നിന്നുള്ള ഓർഡർ പ്രകാരമാണ് ശിൽപങ്ങൾ നിർമിച്ചുനൽകുക. ഷാലിമാറിലും ന്യൂ മാർക്കറ്റിലുമായി പ്രവർത്തിക്കുന്ന രഹസ്യ നിർമാണ കേന്ദ്രങ്ങൾ താൽക്കാലിക സംവിധാനമെന്ന നിലയ്ക്കാണ് പ്രവർത്തിക്കുക. പൊലീസോ അന്വേഷണ ഏജൻസികളോ എത്തുന്നുണ്ടെന്നു വിവരം ലഭിച്ചാൽ ഉടൻ സ്ഥലംമാറും.