പാലക്കാട് ∙ സംസ്ഥാനത്തു നാട്ടാനകളുടെ ‘ഒറ്റദിന’ കണക്കെടുപ്പുമായി വനംവകുപ്പ്. 22 നു പകൽ 8 മുതൽ 5 വരെയാണു നാട്ടാന സെൻസസ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആനകളുടെ വിശദവിവരശേഖരമാണു ലക്ഷ്യം. നാട്ടാനകളെ സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പിന്റെ കൈവശം ഉണ്ടെങ്കിലും അത് ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തും. ഇതിനായി ജില്ലകളിൽ വെറ്ററിനറി, വനംവകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ സ്ക്വാഡുകൾ രൂപീകരിക്കും.
ആനയുടെ പൊക്കം, നീളം, മൈക്രോചിപ്പിന്റെ വിശദാംശങ്ങൾ, ഭക്ഷണ – ചികിത്സാ റജിസ്റ്ററുകൾ, ആരോഗ്യം തുടങ്ങിയവ പരിശോധിക്കും. 22 ന് ആനകൾ ഇതര ജില്ലകളിലാണെങ്കിൽ അവിടെ പരിശോധന നടത്തണം. ഇക്കാര്യം ആ ജില്ലയിലെ വനംവകുപ്പിനെ അറിയിക്കണം. ആനസംബന്ധമായ വിവരങ്ങൾ വനംവകുപ്പിനു കൈമാറാൻ നാട്ടുകാർക്കും അവസരമുണ്ട്. 0491 2555521.