പത്തനംതിട്ട ∙ സർക്കസിൽ മൃഗങ്ങളെ നിരോധിച്ചതിനെ തുടർന്ന് സർക്കസിൽ നിന്ന് ആനകളെ മാറ്റിയെങ്കിലും ഇപ്പോഴും സർക്കസ് കമ്പനിയുടെ ഉടമസ്ഥതയിലായതിനാൽ ഇവർക്ക് നാട്ടിലിറങ്ങി മറ്റു ജോലികൾ പറ്റില്ല. വനംവകുപ്പിന്റെ കണക്കുപ്രകാരം 10 ആനകളാണ് സർക്കസ് കമ്പനികളുടെ ഉടമസ്ഥതയിൽ കേരളത്തിൽ ഉള്ളത്.
നാട്ടാനയെക്കാൾ ഇണങ്ങിയവയാണെങ്കിലും ഇവയെ നാട്ടാനയെന്ന രീതിയിൽ റജിസ്ട്രേഷൻ മാറ്റിയാൽ മാത്രമേ വനംവകുപ്പ് അംഗീകരിക്കുകയുള്ളു. ഇതിൽ 2 ആനകളുടെ അപേക്ഷ വളരെ നേരത്തെ കിട്ടിയതിനാലും നടപടിക്രമങ്ങൾ പൂർത്തിയായതിനാലും കേരളത്തിലെ നാട്ടാന ഗണത്തിൽപ്പെടുത്തി. അവയെ ഉൽസവത്തിനും മറ്റും എഴുന്നള്ളത്തിന് ഉപയോഗിക്കുന്നുണ്ട്. ബാക്കി 8 ആനകളെ നാട്ടാനയാക്കണമെങ്കിൽ ഉടമസ്ഥാവകാശം കേരളത്തിന് പുറത്തുള്ള സർക്കസ് കമ്പനിയുടെ പേരിൽ നിന്നു കേരളത്തിലെ വ്യക്തിയുടെ പേരിലേക്ക് മാറണം. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നടപടിക്രമങ്ങളും പൂർത്തിയായൽ മാത്രമേ നാട്ടാന ഗണത്തിലെത്തൂ.
സർക്കസ് കൂടാരങ്ങളിൽ ആനയുടെ അഭ്യാസങ്ങൾ ശ്രദ്ധയാകർഷിച്ച ആദ്യ കാലങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ ആനകളെ എത്തിച്ച് സർക്കസിൽ പങ്കെടുപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് അധികം ആനകളെ കേരളത്തിലേക്ക് വാങ്ങാറില്ല. കഴിഞ്ഞ 5 വർഷത്തിനിടെ ആകെ 2 ആനകളെയാണ് കേരളത്തിൽ സ്വകാര്യ വ്യക്തികളെത്തിച്ചത്. ബീഹാറിൽനിന്ന് ചന്ദ്രനാഥ്, അസമിൽ നിന്ന് തുണുക്കി എന്ന പേരിലുള്ള ആനകളാണ് കേരളത്തിലെത്തിയതെങ്കിലും രേഖകൾ കൃത്യമല്ലാത്തതിനാൽ ചന്ദ്രനാഥിനെ വനംവകുപ്പ് പിടിച്ചെടുത്തു. വനംവകുപ്പിന്റെ കയ്യിലാണ്. സ്വന്തമാക്കുന്നതിന് ഉടമസ്ഥൻ കേസ് നൽകിയിരിക്കുകയാണ്.
അസമിൽ നിന്നുള്ള ‘തുണുക്കി’ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ‘സുദർശന’യായി ജീവിക്കുന്നു. ആനക്കച്ചവടം നിരോധിച്ചതിനാൽ ഇപ്പോൾ ആനകളുടെ വിൽപനയും വാങ്ങലും നിയമപ്രകാരം നടക്കുന്നില്ല. എന്നാൽ ‘സംഭാവന’യായി നൽകുന്നതിന് തടസമില്ല. ഇതിന്റെ പേരിൽ കച്ചവടം നടക്കുന്നുണ്ടെന്നാണ് അധികൃതരുടെ സംശയം.