ഗുരുവായൂര്‍∙ ഇടമുറിയാതെ പെയ്ത ഇടവപ്പാതിയില്‍ ഉള്ളും പുറവും തണുത്ത ആനകള്‍ക്കിനി സുഖചികിത്സാകാലം. തിരുവാതിര ഞാറ്റുവേലയിലും കര്‍ക്കടകത്തിലുമെല്ലാം ശരീരപുഷ്ടിക്കും ഓജസിനുമാണു സുഖചികിത്സ. ഇതു മനുഷ്യര്‍ക്കു മാത്രമല്ല ആനകള്‍ക്കുമാകാം എന്നായതോടെയാണു ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്കു സുഖചികിത്സ പതിവാക്കിയത്. ജൂലൈ ഒന്നു മുതല്‍ 30 ദിവസക്കാലമാണ് ആനത്താവളമായ പുന്നത്തൂര്‍ക്കോട്ടയില്‍ സുഖചികിത്സ.
രാവിലെ എട്ടിന് ആനയെ അഴിച്ച് നാപ്പിയര്‍ പുല്ലും പനമ്പട്ടയും വാഴപ്പിണ്ടിയുമടങ്ങുന്ന പ്രഭാത ഭക്ഷണം നല്‍കും. ഒപ്പം വ്യായാമത്തിന് നടത്തവും. തുടര്‍ന്ന് വിസ്തരിച്ചു തേച്ചുകുളിയാണ്. ആനയുടെ ഓരോ ഞരമ്പിലും തേപ്പുചകിരി എത്തണമെന്നാണു ചട്ടം. നാലും അഞ്ചും മണിക്കൂര്‍ നീളുന്ന കുളി കഴിഞ്ഞാലാണു സുഖചികിത്സയുടെ വിഭവങ്ങള്‍ നല്‍കുന്നത്.
ഉണക്കലരിയുടെ ചോറ്, ചെറുപയര്‍ വേവിച്ചത്, ച്യവനപ്രാശം, ആയൂര്‍വേദ അലോപ്പതി മരുന്നുകള്‍ എന്നിവ കൂട്ടിക്കുഴച്ച് ഔഷധഉരുളയായി ആനകള്‍ക്കു നല്‍കും. ദഹനക്കുറവിന് അഷ്ടചൂര്‍ണപ്പൊടി, വൈറ്റമിന്‍ ഗുളികകള്‍ എന്നിങ്ങനെ ഓരോ ആനയുടെ ശരീരഭാരവും ആരോഗ്യസ്ഥിതിയും പരിശോധിച്ച് ഡോക്ടര്‍മാരുടെ വിദഗ്ധസമിതിയാണു ചികിത്സ നിശ്ചയിക്കുന്നത്.
ദേവസ്വത്തിലെ 49 ആനകള്‍ക്കാണ് സുഖചികിത്സ. തലയെടുപ്പുള്ള കൊമ്പന്‍മാരായ ഗജരത്‌നം പത്മനാഭന്‍, വലിയകേശവന്‍, ഇന്ദ്രസെന്‍, വലിയ വിഷ്ണു, സിദ്ധാര്‍ഥന്‍ തുടങ്ങിയ 20 കൊമ്പന്‍മാര്‍ മദപ്പാടിലാണ്. ഇവര്‍ക്ക് മദകാലം കഴിഞ്ഞ് സുഖചികിത്സ നല്‍കും.
സുഖചികിത്സയ്ക്കായി ദേവസ്വം 11 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. സുഖചികിത്സയുടെ ഉദ്ഘാടനത്തില്‍ പി.കെ. ബിജു എംപി, കെ.വി. അബ്ദുല്‍ഖാദര്‍ എംഎല്‍എ, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.