Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുക്കും: വേണുഗോപാൽ

PTI12_2_2016_000082B

ന്യൂഡൽഹി∙ ഔദ്യോഗിക ആശയവിനിമയങ്ങളിൽ ഹിന്ദി മാത്രം ഉപയോഗിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി എ‌ഐ‌സി‌സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം‌പി പ്രധാനമന്ത്രിക്കും ലോക്സഭാ സ്‌പീക്കർക്കും കത്തു നൽകി.

ഹിന്ദിയെ ഔദ്യോഗിക ഭാഷയെന്ന നിലയിൽ അംഗീകരിക്കുന്നുവെന്നും എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള സർക്കാരിന്റെ നീക്കത്തിനു പിന്നിൽ ഗൂഢ രാഷ്ട്രീയ ലക്ഷ്യമാണെന്നുള്ളതെന്നു സംശയിക്കുന്നുവെന്നും എം‌പി കത്തിൽ പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസന ലക്ഷ്യങ്ങളെ മുൻനിർത്തി ത്രിതല പഞ്ചായത്തുതലത്തിൽ സംഘടിപ്പിക്കേണ്ട പരിപാടികൾ സംബന്ധിച്ചു ഗ്രാമ വികസന മന്ത്രി ജിതേന്ദ്ര സിങ് തോമർ ഹിന്ദിയിൽ അയച്ച കത്തും വേണുഗോപാൽ ഇരുവർക്കും നൽകി.

ഭക്ഷണ വിലക്കിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും പിന്നാലെ ഭാഷയും അടിച്ചേൽപ്പിക്കാനുള്ള നീക്കം ചെറുക്കും. ഹിന്ദി ഇതര ഭാഷകൾ സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കുക കൂടിയാണു ഹിന്ദിയിൽ മാത്രമുള്ള ആശയവിനിമയം – വേണുഗോപാൽ ചൂണ്ടിക്കാട്ടി.

മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ ഉൾപ്പെടെ നൽകുന്ന ഔദ്യോഗിക നിവേദനങ്ങൾക്കും വികസന നിർദേശങ്ങൾക്കും ഹിന്ദിയിൽ മാത്രമേ മറുപടി നൽകൂ എന്ന നിർബന്ധ ബുദ്ധി മറ്റു പ്രാദേശിക ഭാഷകളോടുള്ള അവഹേളനമാണ്. സർക്കാരിന്റെ വിവിധ പദ്ധതികളും നയങ്ങളും സംബന്ധിച്ച മാർഗനിർദേശങ്ങളും മറ്റും ഇംഗ്ലിഷിൽ കൂടി ലഭിക്കാത്ത സാഹചര്യം സങ്കീർണമാണ്.

മുൻ സർക്കാരിന്റെ കാലത്തു ഹിന്ദിക്കൊപ്പം ഇംഗ്ലിഷിൽക്കൂടി ആശയവിനിമയം നടത്തുന്ന രീതിയാണ് ഉപയോഗിച്ചിരുന്നതെന്നും എം‌പി കത്തിൽ പറയന്നു.