Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 കോടി മുട്ടിവിളിച്ചപ്പോൾ ബാങ്കിന്റെ വാതിൽ തുറന്നു

Musthafa

പരപ്പനങ്ങാടി∙ ആ ഭാഗ്യവാനു വേണ്ടി മാത്രം പരപ്പനങ്ങാടിയിലെ ഫെഡറൽ ബാങ്ക് ശാഖ ഇന്നലെ ഉച്ചയ്ക്കു തുറന്നു. മുഖത്തു നിഴലിട്ട ജീവിതപ്രയാസങ്ങൾക്കിടയിലും കണ്ണിൽ പ്രതീക്ഷയുടെ വെട്ടവുമായി അയാൾ ബാങ്കിലേക്കു കയറിവന്നു; പത്തുകോടി രൂപ സമ്മാനമടിച്ച കേരള ലോട്ടറി ഓണം ബംപർ ടിക്കറ്റുമായി.

പരപ്പനങ്ങാടി പാലത്തിങ്ങൽ ചുഴലിയിലെ മൂട്ടത്തറമ്മൽ മുസ്‌തഫ(48) ആണ് കേരളം തേടിനടന്ന ആ ഭാഗ്യവാൻ. കൊപ്രക്കച്ചവടത്തിലെ പ്രധാനികളായിരുന്ന കുടുംബം സാമ്പത്തികമായി തകർന്നതിനിടെയാണ് ഓണം ബംപർ കൈപിടിച്ചത്. ‘വീടുപണി നടത്തണം, മക്കൾക്കൊക്കെ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണം, കൊപ്ര ബിസിനസ് ഒന്നു നന്നാക്കിയെടുക്കണം’ – സമ്മാനത്തുക എന്തു ചെയ്യണമെന്ന ചോദ്യത്തിന് അധികമാലോചിക്കാതെ മറുപടി.

1,000 രൂപയ്ക്ക് നാലു ടിക്കറ്റ് എടുത്ത മുസ്തഫയ്ക്ക് അതിലൊന്നിലാണ് ഒന്നാംസമ്മാനമടിച്ചത്. ചൊവ്വാഴ്‌ചയാണ് പരപ്പനങ്ങാടി ബസ് സ്‌റ്റാൻഡിലെ വിൽപനക്കാരനായ പൂച്ചേങ്ങൽ കുന്നത്ത് ഖാലിദിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. സമ്മാനം പരപ്പനങ്ങാടിയിലാണെന്ന് അറിഞ്ഞതോടെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പുവരുത്തി. ആളുകളുടെ ബഹളംപേടിച്ച് ആരോടും പറഞ്ഞില്ല. ഏജന്റ് ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി. രാത്രി ഭാര്യ സൈനബയോടു മാത്രം കാര്യം പറഞ്ഞു.

അങ്ങനെ, പഴക്കംചെന്ന വീട്ടിൽ പത്തുകോടിയുടെ ടിക്കറ്റ് ഒരുരാത്രി ഉറങ്ങി. പിറ്റേന്ന് ബന്ധുക്കളെ അറിയിച്ചു. കുടുംബത്തിനു നേരത്തേ പരിചയമുണ്ടായിരുന്നതിനാൽ ഫെഡറൽ ബാങ്ക് ശാഖാ മാനേജർ പി. സന്ധ്യയെ വിവരം അറിയിച്ചു. ഉച്ചയോടെ ബന്ധുക്കൾക്കും അഭിഭാഷകനുമൊപ്പം എത്തി ടിക്കറ്റ് കൈമാറി. സ്‌ഥിരമായി ലോട്ടറി എടുക്കാറുണ്ടെങ്കിലും അല്ലറ ചില്ലറ സമ്മാനങ്ങളേ ഇതുവരെ കിട്ടിയിട്ടുള്ളൂ.