തിരുവനന്തപുരം∙ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക അതേപടി നിലനിർത്തി ഇത്തവണയും വരുന്നു, ഒാണം ബംപർ ലോട്ടറി. കഴിഞ്ഞ വർഷം സുവർണ ജൂബിലി പ്രമാണിച്ച് 10 കോടിയുടെ ഒന്നാം സമ്മാനമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇക്കുറിയും അതേ സമ്മാനത്തുക നിലനിർത്താനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. ബുധനാഴ്ച ടിക്കറ്റ് പുറത്തിറക്കും. 10 സീരീസുകളിലായി ആകെ 90 ലക്ഷം ഒാണം ബംപർ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിക്കുന്നത്. ടിക്കറ്റ് വില 250 രൂപ. വിൽപന വഴി 200 കോടി രൂപ പിരിച്ചെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം.
ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാൾക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേർക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായ അഞ്ചു ലക്ഷം രൂപ ഒൻപതു പേർക്കു നൽകും. 20 പേർക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങൾ.
സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടി വരുമെന്നാണു ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ ഇൗ ഒറ്റ ലോട്ടറി നറുക്കെടുപ്പു വഴി മാത്രം സർക്കാരിനു ലാഭം 130 കോടി രൂപയാണ്.
സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും വിൽപന കുതിച്ചുയർന്നാൽ പതിവു പോലെ കൂടുതൽ ടിക്കറ്റ് അച്ചടിക്കുകയും നറുക്കെടുപ്പ് തീയതി നീട്ടുകയും ചെയ്യും.