ചവറ (കൊല്ലം) ∙ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) മിനറൽ സെപ്പറേഷൻ യൂണിറ്റിലേക്കുള്ള ഇരുമ്പു നടപ്പാലം തകർന്നു വീണു മൂന്നു വനിതാ ജീവനക്കാർ മരിച്ചു. ജീവനക്കാർ ഉൾപ്പെടെ 45 പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ 10.30നാണു സംഭവം.
പന്മന വടക്കുംതല കൊല്ലക കൈരളിയിൽ പരേതനായ പി.ആർ.ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളാദേവിയമ്മ (57), മേക്കാട് ക്രിസ്റ്റഫർ കോട്ടേജിൽ (ഫിലോമിന മന്ദിരം) പരേതനായ ക്രിസ്റ്റഫറിന്റെ ഭാര്യ ഏയ്ഞ്ചലീന (റേയ്ച്ചൽ – 45), മേക്കാട് ജിജിവിൻ വില്ലയിൽ ഡോ.ഷിബുവിന്റെ ഭാര്യ അന്നമ്മ (സീന – 45) എന്നിവരാണു മരിച്ചത്.

മിനറൽ സെപ്പറേഷൻ (എംഎസ്) യൂണിറ്റ് നിൽക്കുന്ന കോവിൽത്തോട്ടത്തിലേക്കു മേക്കാട് ഭാഗത്തു നിന്നു ദേശീയജലപാതയുടെ ഭാഗമായ ടിഎസ് കനാലിൽ നിർമിച്ച പാലമാണു തകർന്നത്. പരിധിയിൽ കൂടുതൽ ആളുകൾ ഒരേ സമയം പാലത്തിൽ കയറിയതാണ് അപകട കാരണം.
കെഎംഎംഎൽഎല്ലിന്റെ പൊന്മനയിലെ ഖനനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ പ്രതിഷേധിച്ച് എംഎസ് യൂണിറ്റിനു മുന്നിൽ സമരം നടത്തിയിരുന്നവരും യൂണിറ്റിലേക്കു ജോലിക്കു കയറാനായി വന്ന തൊഴിലാളികളും ഒരേ സമയം അക്കരയിക്കരെ കടക്കാൻ ശ്രമിച്ചതാണു പാലം തകരാൻ ഇടയാക്കിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പാലത്തിലേക്ക് ഇരുകൂട്ടരും കയറിയതോടെ യൂണിറ്റിനു മുന്നിൽ പാലം സ്ഥാപിച്ചിരിക്കുന്ന തൂണുകൾ തറയിൽ ഉറപ്പിച്ചിരുന്ന കോൺക്രീറ്റോടെ ഇളകി വീഴുകയായിരുന്നു.

ശ്യാമളാദേവിയമ്മ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലാണു മരിച്ചത്. വൈകിട്ടോടെ അഗ്നിശമനസേനയുടെ മുങ്ങൽ വിദഗ്ധരും മറൈൻ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ രക്ഷാസേനയും ചേർന്നു പാലം ഉയർത്തി നടത്തിയ പരിശോധനയിലാണ് അന്നമ്മയുടെയും ഏയ്ഞ്ചലീനയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
2001ൽ നിർമിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താറുള്ളതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഉപ്പു കാറ്റേറ്റു പല ഭാഗവും ദ്രവിച്ച നിലയിലായിരുന്നു. അപകടത്തിൽ പരുക്കേറ്റ രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ജില്ലയിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
കെഎംഎംഎൽ എംഎസ് യൂണിറ്റിലെ ടൈം സെക്‌ഷൻ ക്ലാർക്കായിരുന്നു ശ്യാമളാദേവിയമ്മ. ഏയ്ഞ്ചലീന ഇവിടത്തെ കന്റീനിലെയും അന്നമ്മ ഡിസ്പെൻസറിയിലെയും ജീവനക്കാരാണ്. ശ്യാമളദേവിയമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മക്കൾ: ആശ പി.ശേഖർ, ചിത്ര പി.ശേഖർ. മറ്റു രണ്ടുപേരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഇവരുടെ പോസ്റ്റ്മോർട്ടം ഇന്നു നടക്കും. ഏയ്ഞ്ചലീനയുടെ മക്കൾ: ടെസി, പരേതനായ ജൂഡ്. മരുമകൻ: ജിബിൻ. അന്നമ്മയുടെ മക്കൾ: ഗോഡ്‌വിൻ, ഗ്ലാഡ്‌വിൻ.
പത്തുലക്ഷം ധനസഹായം
∙ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു 10 ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ ധനസഹായം നൽകുമെന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. സംഭവ സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം മന്ത്രി പറഞ്ഞത്. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. പുതിയ പാലം പണിയും. നടപടികൾ അതിവേഗം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുമുണ്ട്. അപകടത്തിൽ പരുക്കേറ്റു കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരെ മന്ത്രി സന്ദർശിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ, ജില്ലാ കലക്ടർ ഡോ. എസ്. കാർത്തികേയൻ, മുൻ എംപി കെ.എൻ. ബാലഗോപാൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.