ചവറ ∙ അമിത ഭാരമാണു പാലം തകരാൻ കാരണമെന്നും പാലത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം ആളുകൾ ഒരേസമയം പാലത്തിൽ കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും കെഎംഎംഎൽ അധികൃതർ. ഗേറ്റ് ഉപരോധത്തിനെത്തിയ ഇരുനൂറോളം ആളുകളിൽ മിക്കവരും സമരം തീർന്നയുടൻ പാലത്തിൽ കയറി.
അതേസമയം തന്നെ കമ്പനിയിലേക്ക് എത്തേണ്ട ജീവനക്കാരും കയറി. ഇരുവശത്തു നിന്നുമുള്ള ആളുകൾ പാലത്തിനു നടുവിലെത്തിയപ്പോൾ ഭാരം താങ്ങാനാകാതെ കോൺക്രീറ്റ് ഇളകുകയും പാലത്തിന്റെ പ്രധാനപ്പെട്ട ഭാഗം ഒടിയുകയുമായിരുന്നു. ഒരേസമയം പരമാവധി 50 പേർക്കു യാത്ര ചെയ്യാനുദ്ദേശിച്ചു 2001ൽ സിൽക്കാണു പാലം നിർമിച്ചത്. 2014ൽ അറ്റകുറ്റപ്പണി നടത്തി. സിൽക്കിനായിരുന്നു ചുമതല. ഇടയ്ക്കു പെയിന്റിങ് ജോലികളും മറ്റും നടത്താറുണ്ട്. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നതിനു കരാർ നൽകിയിരുന്നതായും കമ്പനി അറിയിച്ചു.