ആലപ്പുഴ ∙ പൊലീസുകാർക്കു താടി വളർത്തൽ ഇനി കഠിനമായ കടമ്പയല്ല. തീർഥാടന ആവശ്യങ്ങൾക്കോ മരണാനന്തര കർമങ്ങൾക്കോ താടി വളർത്താനുള്ള അനുമതി ഇനി മുതൽ ഡിവൈഎസ്പി, സായുധസേന അസിസ്റ്റന്റ് കമൻഡാന്റ് എന്നിവർക്കു നൽകാം. നടപടിക്രമം ലഘൂകരിച്ചു കഴിഞ്ഞ ദിവസം ഉത്തരവായി.
മുൻകാലങ്ങളിൽ താടി വളർത്താനുള്ള അപേക്ഷയിൽ ജില്ലാ പൊലീസ് മേധാവിയാണ് അനുമതി നൽകേണ്ടിയിരുന്നത്. ഇതിനായി പൊലീസുകാർ എസ്ഐ, കമൻഡാന്റ് എന്നിവർക്ക് അപേക്ഷ നൽകുകയാണു പതിവ്. ഇതു ജില്ലാ പൊലീസ് മേധാവിക്ക് അയച്ചു കൊടുത്ത് അനുമതിക്കായി കാത്തിരിക്കണം. ഇനി മുതൽ താടി വളർത്താൻ അപേക്ഷ നൽകേണ്ടത് ഡിവൈഎസ്പി, സായുധസേന അസിസ്റ്റന്റ് കമൻഡാന്റ് എന്നിവർക്കാണ്. ഇവർക്കു നേരിട്ടു ‘താടിക്കാര്യത്തിൽ’ തീരുമാനമെടുക്കാം.
അപേക്ഷകൾ എസ്പി ഓഫിസിലേക്ക് അയച്ചുകൊടുത്ത് അനുമതിക്കു കാക്കേണ്ടതില്ല. ശബരിമല മണ്ഡലവ്രതം തുടങ്ങുന്നതിനു തൊട്ടുമുൻപാണു താടിപ്രേമികളായ പൊലീസുകാർക്ക് ആശ്വാസം പകർന്നു പുതിയ ഉത്തരവിറങ്ങിയത്.
അതേ സമയം, ‘സിങ്കം’ സിനിമയിൽ സൂര്യയുടേതുപോലെ കൊമ്പൻമീശ വളർത്തണമെങ്കിൽ കേരള പൊലീസിൽ അതു നടപ്പില്ല. തമിഴ്നാട് പൊലീസിൽ അതിനു സർക്കാർ പണം കൊടുക്കുന്നുണ്ട്. തമിഴ്നാട്, ഉത്തർപ്രദേശ്, അസം സംസ്ഥാനങ്ങളിലും പൊലീസിന്റെ കൊമ്പൻമീശ പരിപാലിക്കാൻ പ്രത്യേക അലവൻസുണ്ട്. ജാർഖണ്ഡിൽ മുൻപ് അലവൻസ് നൽകിയിരുന്നെങ്കിലും പിന്നീടു പിൻവലിച്ചു.
Search in
Malayalam
/
English
/
Product